ബെംഗളൂരു: മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ അന്താരാഷ്ട്ര ബുക്കർ അവാർഡ് ജേതാവായ ബാനു മുഷ്‌താഖിനെ ക്ഷണിച്ചതിനെതിരായ പൊതുതാത്പര്യ ഹരജി കർണാടക ഹൈക്കോടതി തള്ളി.ദസര ഉദ്ഘാടനം ചെയ്യാൻ ബാനു മുഷ്താഖിനെ ക്ഷണിക്കുന്നതിനെതിരെ ബി.ജെ.പി നേതാവും കുടക് മുൻ എം.പിയുമായ പ്രതാപ് സിംഗ, ടി. ഗിരീഷ് കുമാർ, ആർ. സൗമ്യ, എച്ച്. എസ് ഗൗരവ് എന്നിവര്ഡ സമർപ്പിച്ച പൊതു താത്പര്യ ഹരജികളാണ് തിങ്കളാഴ്‌ച ഹൈക്കോടതി തള്ളിയത്.വ്യത്യസ്ത വിശ്വാസത്തിലുള്ള ഒരാളെ ക്ഷണിക്കുന്നത് ഭരണഘടനാപരമോ നിയമപരമോ ആയ അവകാശത്തെ ലംഘിക്കുന്നു എന്ന വാദങ്ങൾ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് വിഭു ബബ്രു, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ദസറ ഉദ്ഘാടനം ചെയ്യുന്നത് ബാനു മുഷ്താഖാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ധാരാളം എതിർപ്പുകൾ വന്നിരുന്നു.കന്നടയെ ഭുവനേശ്വരി ദേവിയായി ആരാധിക്കുന്നതിൽ മുഷ്‌താഖ് എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുള്ള ഒരു പഴയ വിഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് എതിർപ്പുകൾ ഉയർന്നത്. ഇതിനെ ചൂണ്ടിക്കാട്ടി ഒരു ഹിന്ദു ദേവതയെ ആരാധിക്കുന്നതിൽ മുഷ്‌താഖിന് വിശ്വാസമില്ലെന്ന് പ്രതാപ് സിംഗയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു.
ഹിന്ദു വിരുദ്ധവും കന്നഡ വിരുദ്ധവുമായ’ പ്രസ്താവനകൾ അവർ പിൻവലിച്ചാൽ അവരെ ക്ഷണിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നെന്നും സിംഗ പറഞ്ഞു.ബാനു മുഷ്‌താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദാജെയും രംഗത്ത് വന്നിരുന്നു. ബാനു മുഷ്‌താഖ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോൺഗ്രസ് സർക്കാർ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നു.എന്നാൽ, എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ള ഒരു മതേതര സാംസ്കാരിക ഉത്സവമാണ് ദസറയെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെക്കുറിച്ച് മുമ്പ് പ്രതികരിച്ചത്.
ഹിന്ദുക്കൾ, ക്രിസ്‌ത്യാനികൾ, മുസ്ലിങ്ങൾ, ബുദ്ധമതക്കാർ, ജൈനന്മാർ തുടങ്ങി എല്ലാവർക്കുമുള്ള ഉത്സവമാണ് ദസറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്‌താഖ് ഉദ്ഘാടനം ചെയ്യണമെന്ന് താൻ തീരുമാനിച്ചുവെന്നും ഉന്നതാധികാര സമിതിയാണ് തനിക്ക് അനുമതി നൽകിയതെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നു.