Home Featured സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ബെംഗളൂരു വിമാനത്താവളത്തില്‍ മോഷണം പോയ ബാഗ് കിട്ടിയത് 17 ദിവസത്തിനുശേഷം

സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ബെംഗളൂരു വിമാനത്താവളത്തില്‍ മോഷണം പോയ ബാഗ് കിട്ടിയത് 17 ദിവസത്തിനുശേഷം

by admin

ബെംഗളൂരു: സംഗീതനിശക്കായി ബെംഗളൂരുവിലെത്തിയ സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ബാഗ് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ മോഷണം പോയി. ജീവൻരക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ അടങ്ങിയ ബാഗ് 17 ദിവസം നീണ്ട കാത്തിരിപ്പിനുശേഷമാണ് തിരികെ കിട്ടിയത്. ജനുവരി 20നാണ് ബാഗ് മോഷണം പോയത്.

എയർ ഇന്ത്യ എക്സ്പ്രസ് ഐ5 992 വിമാനത്തിലാണ് ഔസേപ്പച്ചൻ വിമാനത്താവളത്തിലെത്തിയത്. മലയാളം സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഗായകർക്കും കലാകാരന്മാർക്കുമൊപ്പം ഒരു ഷോയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഭാര്യാസമേതം എത്തിയത്. രാത്രി 9നാണ് വിമാനം ലാൻഡ‍് ചെയ്തത്.

ലഗേജ് എടുക്കാൻ കണ്‍വെയർ ബെല്‍റ്റ് നമ്ബർ 7 ന് സമീപം കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ, കൈവശമുണ്ടായിരുന്ന ബാഗ് ഒരു ട്രോളിയില്‍ വച്ചിരുന്നു. കണ്‍വെയർ ബെല്‍റ്റ് പെട്ടെന്ന് അഞ്ചാം നമ്ബറിലേക്ക് മാറിയതിനാല്‍, ട്രോളി പുറകില്‍ ഉപേക്ഷിച്ച്‌ തന്റെ ബാഗ് എടുക്കാനായി ഔസേപ്പച്ചൻ ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തിയപ്പോഴാണ് തറെ ബാഗും ട്രോളിയും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ടെർമിനലിലെ ഒരു എയർ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബാഗ് നഷ്ടമായ വിവരം ഔസേപ്പച്ചൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. ജീവൻ രക്ഷാ മരുന്നുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. പിന്നീട് രക്ഷയില്ലെന്ന് കണ്ടതോടെ എയർപോർട്ട് പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി. ജനുവരി 20ന് രാത്രി മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ഒരു യുവാവ് ഔസേപ്പച്ചന്റെ ബാഗ് ട്രോളിയോടൊപ്പം കൊണ്ടുപോകുന്നതും പിന്നീട് സ്വന്തം ബാഗുമായി ഒരു ക്യാബില്‍ കയറുന്നതും കണ്ടെത്തി.

ഈ ക്യാബിനെ ട്രാക്ക് ചെയ്ത പൊലീസ് യാത്രക്കാരനെ കണ്ടെത്തുകയും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ബാഗ് തന്റെ അപ്പാർട്ട്‌മെന്റില്‍ ഉണ്ടെന്നും എന്നാല്‍ താൻ ജോലി ആവശ്യവുമായി നഗരത്തിന് പുറത്താണെന്നും ഇയാള്‍ പറഞ്ഞു. ഒടുവില്‍ ജനുവരി 29 ന് ഇയാളുടെ സുഹൃത്ത് ഔസേപ്പച്ചന്റെ ബാഗ് എയർപോർട്ട് പൊലീസിന് കൈമാറി.

എന്നാല്‍ ബാഗ് തിരികെ കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന ആപ്പിള്‍ വാച്ച്‌ ചാർജർ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എയർപോർട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീണ്ടും ഇടപെടേണ്ടി വന്നതോടെ ചൊവ്വാഴ്ച യുവാവ് ചാർജർ തിരികെ ഏല്‍പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group