തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായത് കന്നഡയില്‍നിന്നാണെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴില്‍നിന്നാണെന്ന നടൻ കമല്‍ഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കമല്‍ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതല്‍ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കില്‍ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അഭിപ്രായപ്പെട്ടു.കമല്‍ഹാസന്റെ പരാമർശത്തിനെതിരേ കർണാടകത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്. കന്നഡിഗർ മാതൃഭാഷയില്‍ അഭിമാനമുള്ളവരാണ്.
എന്നാല്‍, ഭാഷയുടെപേരില്‍ ഒരു അന്ധതയുമില്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയില്‍നിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിലാണെന്നത് കമല്‍ ഓർക്കണം. സഖ്യത്തിന് ദോഷമുണ്ടാക്കുന്നവിധം സംസാരിക്കാൻ പാടില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാല്‍, കമല്‍ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.
കമല്‍ഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടില്‍ കമല്‍ഹാസൻ ഉറച്ചുനില്‍ക്കുകയാണ്. ക്ഷമാപണം നടത്തില്ലെന്നും വ്യക്തമാക്കി. ഇതോടെ, കമലിന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’ കർണാടകത്തില്‍ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ തീരുമാനം. സർക്കാരിന്റെ പിന്തുണയും ഇതിനുണ്ട്.