Home Featured ഹുബ്ബള്ളിയിലെ വിദ്യാര്‍ഥിനിയുടെ കൊലപാതകം; രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി

ഹുബ്ബള്ളിയിലെ വിദ്യാര്‍ഥിനിയുടെ കൊലപാതകം; രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി

by admin

ബംഗളൂരു: ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ കോർപറേഷൻ കൗണ്‍സിലറുടെ മകള്‍ കോളജ് കാമ്ബസില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. വെള്ളിയാഴ്ച ബി.ജെ.പി നേതൃത്വത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധം അരങ്ങേറി.

വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് വിശദീകരിക്കുമ്ബോഴും സംഭവത്തില്‍ ലവ് ജിഹാദ് ആരോപിച്ച്‌ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രംഗത്തുവരികയായിരുന്നു.

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതായും ബി.ജെ.പി കുറ്റപ്പെടുത്തി. സംഭവത്തിന്റെ പേരില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വർഗീയ മുതലെടുപ്പാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹുബ്ബള്ളി ബി.വി.ബി കോളജിലെ വിദ്യാർഥിനി നേഹ ഹിരേമതിനെ (23) കോളജ് പൂർവവിദ്യാർഥിയായ മുഹമ്മദ് ഫയാസ് എന്ന യുവാവ് വ്യാഴാഴ്ച കാമ്ബസില്‍ കുത്തിക്കൊലപ്പെടുത്തിയതാണ് സംഭവം.

ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പല്‍ കോർപറേഷൻ കോണ്‍ഗ്രസ് കൗണ്‍സിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകളാണ് നേഹ. പെണ്‍കുട്ടിക്ക് നിരവധിതവണ കുത്തേറ്റു. സംഭവശേഷം രക്ഷപ്പെട്ട പ്രതി മുനവള്ളി സ്വദേശി ഫയാസ് ഒരു മണിക്കൂറിനകം അറസ്റ്റിലായി. കൊല്ലപ്പെട്ട നേഹയുടെ വീട് മന്ത്രി സന്തോഷ് ലാഡും എം.എല്‍.എ പ്രസാദ് അബയ്യയും സന്ദർശിച്ചു.

വെള്ളിയാഴ്ച ഹിന്ദു ജാഗരണ്‍ വേദികെ, ശ്രീരാമസേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഹുബ്ബള്ളിയിലെ കോളജിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കോളജിന്റെ സുരക്ഷക്കായി സേനയെ വിന്യസിച്ചു. പ്രതിയുടെ കുടുംബത്തെ അവരുടെ സുരക്ഷക്കായി ബെളഗാവി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയെ ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഫയാസിന്റെ സ്വദേശമായ മുനവള്ളിയില്‍ ക്രൂരമായ കൊലപാതകത്തെ അപലപിച്ച്‌ മൂന്ന് ദിവസത്തെ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. നേഹയുടെ മൃതദേഹം സംസ്കരിക്കുന്നയിടത്തും പ്രതിഷേധം അരങ്ങേറി.

സംസ്കാര ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച നിരഞ്ജൻ ഹിരേമത് ‘ലവ് ജിഹാദ്’ വ്യാപകമാവുന്നുവെന്ന ആരോപണമുയർത്തി. ‘ഞാനിത് പറയാൻ പാടില്ല, എന്നാല്‍, ‘ലവ് ജിഹാദ്’ വ്യാപകമാവുകയാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന് നമ്മള്‍ സാക്ഷികളാണ്. എനിക്കെന്റെ മകളെ നഷ്ടമായി. നാളെ മറ്റൊരു പാവത്തിന്റെ മകള്‍ക്ക് ഈ ഗതി വരരുത്. ഒരു മകളും മകനുമാണ് എനിക്കുള്ളത്.

ഏറെ സ്നേഹം നല്‍കിയാണ് അവളെ വളർത്തിയത്. ഇതെന്റെ നിർഭാഗ്യമാണ്. എനിക്കെന്റെ മകളെ നഷ്ടമായി. എല്ലാ രക്ഷിതാക്കളും പെണ്‍മക്കള്‍ക്ക് കോളജില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് തിരക്കണം’ -നിരഞ്ജൻ നിറകണ്ണുകളോടെ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ലവ് ജിഹാദില്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. നേഹയും ഫയാസും പരസ്പരം അറിഞ്ഞുള്ള ബന്ധത്തിലായിരുന്നെന്നും ലവ് ജിഹാദല്ലെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും പ്രതികരിച്ചു. കേസില്‍ വിശദാന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥിനിയുടെ കൊല: പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് മതമൈത്രി റാലി

ബംഗളൂരു: കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹുബ്ബള്ളി സംഗേശ്വർ ഹൈവേയില്‍ വെള്ളിയാഴ്ച ഹിന്ദു, മുസ്‌ലിം നേതാക്കള്‍ നയിച്ച മതമൈത്രി റാലി സംഘടിപ്പിച്ചു.

സംഘ്പരിവാർ ‘ലവ് ജിഹാദ്’ ആരോപണം ഉയർത്തി സംഭവം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഐക്യറാലി നടത്തിയത്. എം.സി.എ വിദ്യാർഥിനി നേഹയെ കൊലപ്പെടുത്തിയ വിദ്യാർഥിയെ മതം നോക്കി പിന്തുണക്കുന്ന ശൈലി മുസ്‌ലിം സമുദായത്തിനില്ലെന്ന് അൻജുമൻ ധാർവാഡ്, അഞ്ജുമൻ-ഇ-ഇസ്‍ലാം ഹുബ്ബള്ളി നേതാക്കള്‍ റാലിയില്‍ പറഞ്ഞു.

അക്രമിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇരു സംഘടനകളും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കത്തില്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group