പത്തനംതിട്ട: പ്രണയപ്പകയില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.കുമ്ബനാട് കടപ്ര കരാലില്‍ അജിൻ റെജി മാത്യു (24)വിനെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ നല്‍കിയില്ലെങ്കില്‍ ഇയാളുടെ സ്വത്ത് വകകളില്‍ നിന്നും ഈടാക്കും.പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണനെ വിധി പറഞ്ഞത്. അജിൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.കോഴഞ്ചേരി അയിരൂർ പുത്തേഴം കണ്ണങ്കരയത്ത് ചരുവില്‍ കിഴക്കേമുറിയില്‍ കവിത(19)യാണ് കൊല്ലപ്പെട്ടത്. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.2019 മാർച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയില്‍വേസ്റ്റേഷൻ റോഡില്‍ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. 70 ശതമാനത്തോളം പൊള്ളലേറ്റ കവിതയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, എട്ടുദിവസത്തിനുശേഷം മരിച്ചു.തിരുവല്ല സിഐ ആയിരുന്ന പി.ആർ. സന്തോഷാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. 93 രേഖ ഹാജരാക്കി.