ബെംഗളൂരു: മൈസൂരു നഗര വികസനഅതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി.ഇതോടെ ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 460 കോടി രൂപയായി.മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി (മുഡ ലേഔട്ട്) വികസനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം കൂടുതൽ വിലയുള്ള പ്രദേശത്തെ 14 സൈറ്റുകൾ അനുവദിച്ചു എന്നാണ് ആരോപണം.
ഇതുവഴി 4000 മുതൽ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അഴിമതി ആരോപണം ലോകായുക്ത അന്വേഷിച്ചെങ്കിലും പിന്നീട് ക്ലീൻ ചിറ്റ് നൽകി. ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് 2024ൽ ഇ.ഡി കേസെടുത്തത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ക്ലീൻചിറ്റ് നൽകി ജുഡീഷ്യൽ കമ്മിഷനും ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.കേസിൽ മുഡ മുൻ കമ്മിഷണർ ജി.ടി.ദിനേഷിനെ 2025 സെപ്റ്റംബറിൽ ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദിനേഷ് കമ്മിഷണറായിരിക്കെ കൈക്കൂലി വാങ്ങി സൈറ്റുകൾ അനുവദിച്ചതായും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബെനാമി പേരിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.