മധ്യപ്രദേശില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കോമ്ബസ് ഉപയോഗിച്ച് ആക്രമിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. മൂന്ന് സഹപാഠികള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് 108 തവണ കുത്തേറ്റു. ഇൻഡോറിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
നവംബര്‍ 24ന് എയ്റോഡ്രോം പൊലീസ് സ്റ്റേഷനു കീഴിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടികള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ സഹപാഠികള്‍ ജ്യാമിതി കോമ്ബസ് ഉപയോഗിച്ച് 108 തവണ കുത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ മകൻ്റെ ശരീരത്തില്‍ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും പിതാവ് ആരോപിച്ചു. ശിശുക്ഷേമ സമിതി സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് അധ്യക്ഷ പല്ലവി പോര്‍വാള്‍ ആവശ്യപ്പെട്ടു.