ബെംഗളൂരു: കന്നഡ ടെലിവിഷൻ, സിനിമാ താരത്തെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി. കന്നഡ നടി ചൈത്രയെയാണ് തട്ടിക്കൊണ്ടുപോയത്.നടിയുടെ ഭർത്താവ് ഹർഷവർദ്ധനാണ് ക്വട്ടേഷൻ നല്‍കിയതെന്ന് നടിയുടെ സഹോദരി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.2023 ല്‍ വിവാഹിതരായ ദമ്ബതികള്‍ കഴിഞ്ഞ എട്ട് മാസമായി വേർപിരിഞ്ഞാണ് താമസം. തുടർന്ന് ഹർഷവർദ്ധൻ ഹസ്സനിലേക്ക് താമസം മാറി. ചൈത്ര ഒരു വയസ്സുള്ള മകളുമായി ബെംഗളൂരുവിലെ മാഗഡി റോഡിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. പിന്നാലെ ചൈത്ര സീരിയല്‍ രംഗത്ത് സജീവമാകുകയും ചെയ്തു. കുട്ടിയുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് റിപ്പോർട്ട്.
ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോകുകയാണെന്ന് ചൈത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഹർഷവർദ്ധൻ കൂട്ടാളിയായ കൗശിക്കിന് 20,000 രൂപ ക്വട്ടേഷന് അഡ്വാൻസായി നല്‍കിയിരുന്നു എന്നും ആരോപണമുണ്ട്. ഹർഷവർദ്ധൻ ചൈത്രയുടെ കുടുംബത്തെ വിളിച്ച് കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിക്കണമെന്നും അല്ലാത്തപക്ഷം ചൈത്രയെ വിട്ടയക്കില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്.ചൈത്രയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ഹർഷവർദ്ധൻ, വർദ്ധൻ എന്റർപ്രൈസസിന്റെ ഉടമയും സിനിമാ നിർമ്മാതാവുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.