ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ 96 റീ റിലീസിന് ഒരുങ്ങുന്നു. പ്രണയദിനം പ്രമാണിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമാണ് 96. വിജയ് സേതുപതിയുടെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രം പതിവ് പ്രണയകഥകളെ പൊളിച്ചെഴുതിയ ഒന്നായിരുന്നു.
സി പ്രേംകുമാറിനെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 96. വിജയ് സേതുപതി, തൃഷ കൃഷ്ണൻ, ഗൗരി ജി കിഷൻ, ആദിത്യ ഭാസ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ഇന്നും 96 ലെ പാട്ടുകള്‍ കാലാതീതമായി സംഗീതാസ്വാദകർ കേട്ടുകൊണ്ടിരിക്കുന്നുണ്ട്.
ട്രാവല്‍ ഫോട്ടോഗ്രാഫറായ റാം എന്ന രാമചന്ദ്രന്റെയും ജാനകി എന്ന ജാനു (റാമിൻ്റെ ബാല്യകാല പ്രണയം)വിന്റേയും വർഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലും അവർക്കിടയില്‍ സംഭവിക്കുന്ന ഓർമ്മകളുടെ തിരയിളക്കവുമാണ് സിനിമ സമ്മാനിക്കുന്നത്. പ്രണയത്തിലെ നിഷ്‌കളങ്കതയും നഷ്ടപ്പെടാത്ത പുതുമയുമാണ് മറ്റ് സിനിമകളില്‍ നിന്നും 96 നെ വ്യത്യസ്‍തമാക്കുന്നത്. ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമ്ബോള്‍ വലിയടാ ആവേശത്തോടെയായിരിക്കും പ്രണയിതാക്കളും പ്രേക്ഷകരും അതിനെ വരവേല്‍ക്കുന്നത്.