ബെംഗളൂരുവില്‍ പരീക്ഷയില്‍ ജയിച്ചെന്ന് കള്ളം പറഞ്ഞ മകളെ കുത്തിക്കൊന്ന് മാതാവ്. പിയു ( പ്രീ യൂണിവേഴ്സിറ്റി) പരീക്ഷയില്‍ വിജയിച്ചെന്ന് കള്ളം പറഞ്ഞതിനാണ് ഏക മകളെ അമ്മ കൊലപ്പെടുത്തിയത്.ഇവർക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.കഴിഞ്ഞ വർഷം ഏപ്രില്‍ 29നാണ് പത്മിനി മകള്‍ സാഹിതി ശിവപ്രിയയെ കുത്തിക്കൊന്നത്. പിയു പരീക്ഷാഫലം വന്നപ്പോള്‍ ശിവപ്രിയ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഇത് മറച്ചുവച്ച് തനിക്ക് 95% മാർക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിച്ചു. മകളുടെ വിജയം ആഘോഷിക്കാൻ ബന്ധുക്കള്‍ക്ക് വിരുന്ന് ഉള്‍പ്പെടെ പത്മിനി നല്കി.ഡിഗ്രിക്ക് വിദേശത്ത് പഠിക്കാൻ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകള്‍ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകള്‍ മരിച്ചെന്ന് ഉറപ്പായപ്പോള്‍ പത്മിനി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അയല്‍ക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൊലക്കേസില്‍ കോടതിയില്‍ വിചാരണക്കെത്തിയില്ല; മുഖ്യസാക്ഷിക്കൊപ്പം തിയറ്ററില്‍ സിനിമ കണ്ട് ദര്ശൻ
ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കന്നഡ നടൻ ദര്ശൻ തൊഗുദീപ വീണ്ടും വിവാദത്തില്‍.ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററില്‍ സിനിമ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദർശൻ ഷൂട്ടിങ്ങിനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്.
രേണുകസ്വാമി കൊലപാതകക്കേസില്‍ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഒരു പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍ അവകാശമില്ല എന്ന കോടതി നടപടി കാറ്റില്‍ പറത്തിയാണ് നടന്റെ നീക്കം. അതിനാല്‍ നടനെതിരെ പൊലീസ് വീണ്ടും നടപടി എടുക്കാനാണ് സാധ്യത. ബുധനാഴ്ച സുഹൃത്ത് കൂടിയായ ധന്വീര് ഗൗഡ അഭിനയിച്ച വാമന എന്ന സിനിമ കാണാനായാണ് ദര്ശന് എത്തിയത്. രേണുകസ്വാമി കൊലക്കേസിലെ സാക്ഷി കൂടിയായ നടൻ ചിക്കണ്ണയും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്വീകരിച്ചിരുന്നു.
രാത്രി 8 മണിയോടെ മാളിലെത്തിയ നടന് മൂന്ന് മണിക്കൂറോളം തിയറ്ററില്‍ ഉണ്ടായിരുന്നു. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയും സിനിമയെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദര്ശന് കോടതിയില്‍ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ നിയമോപദേശകന് ഹാജരാക്കിയിരുന്നു. കടുത്ത പുറംവേദന ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ദര്ശൻ കോടതിയില്‍ ഹാജരാകാതിരുന്നത്. ഇതിനെ കോടതി വിമര്‍ശിക്കുകയും എല്ലാ വാദം കേള്‍ക്കലുകളിലും ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ദർശൻ തന്റെ പുതിയ ചിത്രമായ ഡെവിളിന്റെ ലൊക്കേഷനിലെത്തി. 131 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ നടൻ മൈസൂരുവിലും രാജസ്ഥാനിലുമായി ഷൂട്ടിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. പിന്നീട് ഹൈദരാബാദിലേക്ക് പോകുമെന്നും വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചിത്രദുർഗയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.