ബെംഗളൂരു: കർണാടകത്തിൽ മൂന്നുപേർക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഉത്തര കന്നഡജില്ലയിൽ ഒരാൾക്കും ചിക്കമഗളൂരു ജില്ലയിൽ രണ്ടു പേർക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ ഈ സീസണിൽ കുരങ്ങുപനി ബാധിച്ചവർ 68 ആയി. 25 പേർ ചികിത്സയിലുണ്ട്.
ഗ്യാൻവാപി: ഹൈകോടതിയില്‍ ഇന്ന് വാദം തുടരും
പ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദില്‍ ഹിന്ദുവിഭാഗത്തിന് പൂജ അനുവദിച്ചതുമായി ബന്ധപ്പെട്ട ഹരജിയില്‍ അലഹബാദ് ഹൈകോടതി ഹിന്ദു, മുസ്‍ലിം വിഭാഗങ്ങളുടെ വാദംകേട്ടു. വാദംകേള്‍ക്കല്‍ ബുധനാഴ്ചയും തുടരുമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാള്‍ വ്യക്തമാക്കി.
ഗ്യാൻവാപിയില്‍ പൂജ അനുവദിച്ച ജില്ല കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചുമൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. അപ്പീലിനുപോലും അവസരം നല്‍കാതെ മസ്ജിദിന്റെ അടിഭാഗത്തുള്ള തെക്കേ നിലവറക്കകത്ത് ജില്ല മജിസ്ട്രേറ്റും കമീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേർന്ന് അർധരാത്രി വിഗ്രഹം കൊണ്ടുവന്നുവെച്ച് തുടങ്ങിയ പൂജ തടയണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. പള്ളിയില്‍ പൂജക്ക് ഉത്തരവിടുംമുമ്ബ് പള്ളിക്കമ്മിറ്റിയുടെ ഭാഗം ജില്ല കോടതി കേട്ടിരുന്നോ എന്ന് ചോദിച്ചശേഷമാണ് കഴിഞ്ഞയാഴ്ച ഹൈകോടതി ഹരജി മാറ്റിയത്. ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശവും നല്‍കിയിരുന്നു.
മുസ്‍ലിം വിഭാഗത്തിനുവേണ്ടി ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്‍വി ഹൈകോടതിയില്‍ ഹാജരായി. കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ ജില്ല കോടതി അന്തിമവിധി പ്രസ്താവിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വാദിച്ചു. ജഡ്ജിയുടെ വിരമിക്കല്‍ ദിനത്തില്‍, തിടുക്കത്തില്‍ വിധി പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (വാരാണസി ജില്ല ജഡ്ജി അജയ കൃഷ്ണ വിശ്വേശ ജനുവരി 31നാണ് വിരമിച്ചത്). നേരത്തേയുള്ള ഉത്തരവുകളുടെയും കോടതിനിർദേശങ്ങളുടെയും തുടർച്ചയാണ് ജനുവരി 31ന് ജില്ല കോടതി പുറപ്പെടുവിച്ച വിധിയെന്ന് ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ ഹൈകോടതിയില്‍ പറഞ്ഞു. പൂജ നടത്തുന്നതുകൊണ്ട് ആർക്കും ഉപദ്രവമില്ലെന്നും നേരത്തേ നടന്നുവന്ന പൂജ 1993ലാണ് നിർത്തിയതെന്നും അദ്ദേഹം തുടർന്നു.
ഗ്യാൻവാപി മസ്ജിദിന്റെ തെക്കേ നിലവറ ഹിന്ദുക്കള്‍ക്ക് പൂജക്കായി ഒരാഴ്ചക്കകം തുറന്നുകൊടുക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച വാരാണസി കോടതി ഉത്തരവെങ്കിലും ജില്ല ഭരണകൂടം ബുധനാഴ്ച രാത്രിതന്നെ തിരക്കിട്ട് വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങുകയായിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യവുമായി അലഹബാദ് ഹൈകോടതിയിലേക്ക് പോകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചത്.