ബെംഗളൂരു: കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചിക്കോടി സ്വദേശിയായ കാമകുമാര നന്ദി മഹാരാജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, ഖടകഭാവി സ്വദേശി നാരായണ്‍ മാലി, ചിക്കോടി സ്വദേശി ഹസൻ ദലായത് എന്നിവരാണ് അറസ്റ്റിലായത്. നാരായണ്‍ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
നന്ദി മഹാരാജയെ ജൂലൈ ആറിനാണ് കാണാതാകുന്നത്. പിന്നീട് തൊട്ടടുത്തുള്ള നാനൂറടി താഴ്ച്ചയുള്ള ഒരു കുഴല്‍ക്കിണറില്‍ നിന്ന് സന്യാസിയുടെ ചില മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
നാരായണ്‍ മാലി സന്യാസിയില്‍ നിന്ന് ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. സന്യാസി ഇത് തിരിച്ച് ചോദിച്ചതോടെ ക്ഷുഭിതനായ നാരായണ്‍ ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചിക്കോടി സ്വദേശിയായ ഹാസന്‍റെ സഹായം തേടുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് ചേര്‍ന്ന് ആണ് സന്യാസിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഹാസൻ ആണ് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴല്‍ക്കിണറില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ബ്രഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷൻ അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
“ഹോട്ടലുകളും റെസ്റ്റോറന്റുകളും മുഴുവൻ സമയവും തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിക്കുന്ന ഒരു ഓര്‍ഡര്‍ ഒരാഴ്ചയോ 10 ദിവസത്തിനകം പുറപ്പെടുവിച്ചേക്കാം.” യോഗത്തിന് ശേഷം അസോസിയേഷൻ പ്രസിഡന്‍റ് പി സി റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും. നിലവില്‍, ബെംഗളൂരുവില്‍ ചെറുതും വലുതുമായ 24,000 ഹോട്ടലുകള്‍ ഉണ്ട്, അതില്‍ ഏകദേശം 10% ഹോട്ടലുകള്‍ 24×7 പ്രവര്‍ത്തിക്കാൻ തയ്യാറാണ്.രാത്രി സമയങ്ങളില്‍ മാത്രം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ പല സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും അസോസിയേഷൻ അംഗങ്ങള്‍ വെളിപ്പെടുത്തി.യോഗത്തില്‍, ഹോട്ടല്‍ മേഖലയ്ക്ക് “വ്യാവസായിക പദവി” നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് അസോസിയേഷൻ അംഗങ്ങള്‍ ശിവകുമാറിനോട് ആവശ്യപ്പെട്ടു.പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, ട്രേഡ് ആൻഡ് ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഒന്നിലധികം ലൈസൻസുകള്‍ക്ക് പകരം ഒരൊറ്റ ലൈസന്‍സ് എന്ന ആശയവും അംഗങ്ങള്‍ മുന്നോട്ടുവച്ചു.
നഗരത്തിലെ രാത്രിജീവിതം സജീവമാക്കാൻ ഹോട്ടലുകള്‍ക്ക് മുഴുവൻ സമയവും തുറന്നു പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്ന് ബ്രഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍റെ നാളുകളായുള്ള ആവശ്യമാണ്. 30 ദിവസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അസോസിയേഷൻ പ്രസിഡന്‍റ് പി.സി.റാവു കഴിഞ്ഞ മാസം നിവേദനം നല്‍കിയിരുന്നു. നിലവില്‍ രാത്രി ഒരുമണി വരെയാണ് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് രാത്രി 11 വരെയുണ്ടായിരുന്നത് 2 മണിക്കൂര്‍ കൂടി നീട്ടാൻ പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍, പലയിടത്തും ഈ സമയം വരെ പ്രവര്‍ത്തിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.