ഓഹിയോ: 16 മാസം പ്രായമുള്ള മകളെ വീട്ടില്‍ ഉപേക്ഷിച്ച് വിനോദയാത്രയ്ക്ക് പോയി അമ്മ. ഒരാഴ്ചയ്ക്ക് പിന്നാലെ തിരികെ എത്തുമ്ബോള്‍ മരിച്ച നിലയില്‍ പിഞ്ചുകുഞ്ഞ്. 32കാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഓഹിയോയിലാണ് സംഭവം.
കഴിഞ്ഞ വർഷം ജൂണിലാണ് 32കാരിയായ ക്രിസ്റ്റല്‍ കണ്ടെലാറിയോ 16 മാസം മാത്രം പ്രായമുള്ള മകളെ വീട്ടില്‍ തനിച്ചാക്കിയ ശേഷം അവധി ആഘോഷത്തിന് പോയത്. പത്ത് ദിവസത്തെ ആഘോഷത്തിന് പിന്നാലെ ജൂണ്‍ 16 ന് ഇവർ തിരികെ വീട്ടിലെത്തിയ സമയത്താണ് മകള്‍ ജെയ്ലിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അവശ്യ സേനയെ വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ക്രിസ്റ്റലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിട്രോയിറ്റിലേക്കും പ്യൂട്ടോ റിക്കോയിലേക്കുമായിരുന്നു യുവതി വിനോദയാത്രയ്ക്ക് പോയത്. ഈ സമയത്ത് കുഞ്ഞിനെ നോക്കാൻ മറ്റാരെയും ഏല്‍പ്പിക്കാതിരുന്നതിനായിരുന്നു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടിണി, നിർജ്ജലീകരണം എന്നിവയാണ് പിഞ്ചുകുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായിരുന്നു. ഫെബ്രുവരി 22ന് പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുട്ടികളെ അപായപ്പെടുത്തിയതും കൊലപാതകവും അടക്കമുള്ള കുറ്റകൃത്യങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരുന്നത്. പിഞ്ചുകുഞ്ഞിനെ ഭക്ഷണം പോലുമില്ലാതെ ഉപേക്ഷിച്ച് പോവുന്നത് ഏറ്റവും വലിയ ചതിയാണെന്നാണ് ജൂറി വിലയിരുത്തിയത്.
പിഞ്ചുകുഞ്ഞിനെ തടവറയില്‍ ഇട്ടത് പോലെയുള്ള അനുഭവമാണ് യുവതിക്ക് ലഭിക്കേണ്ടതെന്നും ജൂറി വിശദമാക്കി. വിഷാദ രോഗത്തിനും മാനസികാരോഗ്യ തകരാറുകളും നേരിട്ടിരുന്ന യുവതി ജൂറിയോട് ക്ഷമാപണം നടത്തുകയും കുറ്റം സമ്മതിക്കുകയും മകള്‍ നഷ്ടമായതിലെ വേദന തുറന്നുപറഞ്ഞെങ്കിലും ശിക്ഷയില്‍ ഇളവ് വരുത്താൻ കോടതി തയ്യാറായില്ല. ഏഴ് വയസുകാരിയായ മറ്റൊരു മകള്‍ കൂടി യുവതിക്കുണ്ട്. യുവതിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ഈ കുട്ടിയുള്ളത്.