പനാജി: നാല് വയസുള്ള മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റില്‍. സംഭവത്തില്‍ ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ സുചാന സേഥാണ് അറസ്റ്റിലായത്.നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുവതി ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടലില്‍ ബംഗളുരുവിലെ വിലാസമാണ് നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്‌സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.
എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് യുവതി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി.
യുവതി ചെക്ക്ഔട്ട് ചെയ്ത ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി.
ഇതോടെ പോലീസുകാര്‍ ടാക്‌സി ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ ആ വിലാസം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതോടെ പോലീസ് വീണ്ടും ഡ്രൈവറെ വിളിച്ചു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് മറുപടി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പോലീസ് നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പോലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പോലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ യുവതി മകനെ കൊല്ലാനുള്ള കാരണം വ്യക്തമല്ല.
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്ബള വര്‍ദ്ധനവ് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ദീര്‍ഘദൂര ബസ്സുകള്‍ അടക്കം സര്‍വീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകള്‍ 24 മണിക്കൂറും സര്‍വീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകള്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. എട്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാര്‍ക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.