മഞ്ജു വാര്യരും സുരേഷ് ഗോപിയും ജയറാമും ഒന്നിച്ച സമ്മർ ഇൻ ബത്ലഹേം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് റിലീസായത്. സിനിമ ഇറങ്ങി 24 വർഷം കഴിഞ്ഞിട്ടും ചിത്രത്തിലെ കഥാപാത്രങ്ങൾക്കും കോമഡിയുമെല്ലാം ഇപ്പോഴും ആരാധകർ ഏറെയാണ്.
രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അതിനാൽ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം പലപ്പോഴും ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. ഇപ്പോൾ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരികയാണ്.
ചിത്രത്തിന്റെ നിർമാതാവായ സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽവെച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാൻ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കർ പറഞ്ഞു.
സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വമ്ബൻ ഹിറ്റായി മാറിയ ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. കോമഡി എന്റർടെയ്നറായി എത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
സമ്മർ ഇൻ ബത്ലഹേമിന് ശേഷം രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിച്ചിരുന്നു. ആസിഫ് അലി നായകനായി എത്തുന്ന ചിത്രംകൊത്താണ് പുറത്തിറങ്ങാനുള്ളത്. അതേസമയം സിയാദ് കോക്കർ നിർമിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സുരഭി ലക്ഷ്മി എന്നിവർ അഭിനയിക്കുന്ന കുറി എന്ന ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തുകയാണ്.