ബെംഗളൂരു: പെൺസുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ
ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവർ സുന്ദർ രാജുവിനാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് അൻസാരിയെ പോലീസ് അറസ്റ്റുചെയ്‌തു. സുന്ദർരാജുവിനെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെൺസുഹൃത്തിനൊപ്പമാണ് അൻസാരിയെത്തിയത്. ബെംഗളൂരുവിൽ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാൽ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാൻ മജെസ്റ്റിക് ബസ് സ്റ്റാൻഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദർരാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി കിട്ടില്ലെന്നും പറഞ്ഞു. പിന്നീട് തൻ്റെ വീട്ടിലേക്ക് താമസിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തിയതോടെയാണ് യുവതിക്കുനേരേ സുന്ദർരാജ് അപമര്യാദയായി പെരുമാറിയത്. ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ച് അൻസാരി യുവതിയുമായി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ആശുപത്രിയിൽ പ്രവേശിച്ച സുന്ദർരാജ് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടുപേർ കുത്തിവീഴ്ത്തി കടന്നുകളഞ്ഞെന്നാണ് പറഞ്ഞത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. ഇയാൾ നൽകിയ വിവരമനുസരിച്ച് കഴിഞ്ഞദിവസം അൻസാരിയെ പിടികൂടിയതോടെയാണ് യുവതിയോട് മോശമായി പെരുമാറിയതാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് സുന്ദർരാജിനെതിരേയും കേസെടുക്കുകയായിരുന്നു . കൊനാനകുണ്ഡ പോലീസാണ് കേസന്വേഷിക്കുന്നത്.