സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഊട്ടിയിലെ ബംഗ്ളാവില്‍ താമസിക്കാൻ മോഹമുണ്ടോ? എങ്കില്‍ ഒരുങ്ങിക്കോളൂ. ഹൈഡ് എവേ എന്ന ബംഗ്ളാവ് താമസത്തിന് ദിവസവാടകയില്‍ ലഭിക്കും.മൂന്നു കിടപ്പുമുറികള്‍. വിശാലമായ വളപ്പ്. സുന്ദരമായ ഈ ബംഗ്ളാവ് സ്വകാര്യസ്ഥാപനമാണ് വാടകയ്‌ക്ക് നല്‍കുന്നത്.ഊട്ടി ടൗണില്‍ നിന്ന് 15 മിനിട്ട് യാത്ര ചെയ്‌താല്‍ പ്രകൃതിഭംഗി നിറഞ്ഞ പ്രദേശത്തെ ബംഗ്ളാവിലെത്താം. പൗരാണികഭംഗിയുള്ളതും വിശാലവും ആഡംബരം നിറഞ്ഞതുമായ മൂന്നു കിടപ്പുമുറികള്‍. മോഹൻലാലും ഭാര്യ സുചിത്രയും ഉപയോഗിച്ചിരുന്നതാണ് മാസ്റ്റർ ബെഡ്റൂം.
മക്കളായ പ്രണവ്, വിസ്‌മയ എന്നിവരുടേതാണ് മറ്റു മുറികള്‍. ഗണ്‍ ഹൗസ് എന്നപേരില്‍ ആകർഷകമായ ബാർ മുറിയുമുണ്ട്. നിരവധി സിനിമകളില്‍ ഇവിടം ചിത്രീകരിച്ചിട്ടുണ്ട്. വിശാലമായ പൂന്തോട്ടവുമുണ്ട്. മരക്കാർ, ബറോസ് എന്നീ സിനിമകളുടെ ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കുകള്‍ കൊണ്ടാണ് ഇവിടം അലങ്കരിച്ചത്.വിശാലമായ സ്വീകരണമുറിയില്‍ മോഹൻലാല്‍ കഥാപാത്രങ്ങളുടെ മുന്നൂറോളം കാരിക്കേച്ചറുകള്‍ കാണാം. മോഹൻലാല്‍ സിനിമകളിലൂടെ കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് അവതരണം. ഒരുമിച്ചിരുന്ന് സിനിമ കാണാൻ പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്.
ഊട്ടിയുടെ കാഴ്‌ചകള്‍ ആസ്വദിക്കാനും കിളികളുടെ ശബ്ദം കേട്ടിരിക്കാനും കഴിയുന്ന സൗകര്യങ്ങള്‍ ബംഗ്ളാവിലുണ്ട്. അതിഥികള്‍ക്ക് കേരളീയഭക്ഷണം ഉള്‍പ്പെടെ ലഭിക്കും. മോഹൻലാല്‍, സുചിത്ര എന്നിവരില്‍ നിന്ന് പാചകം പഠിച്ച് കുടുംബത്തിന് 25 വർഷം വച്ചുവിളമ്ബിയ മലയാളിയാണ് ഷെഫ്.ലക്‌സിംഗൻലോക്ക് എന്ന സ്വകാര്യ സ്ഥാപനമാണ് ബംഗ്ളാവിന്റെ നടത്തിപ്പുകാർ. ഇവരുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. വാടകയും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍ പറയുന്നില്ല.