ന്യൂഡല്‍ഹി: ബംഗളൂരില്‍ നടന്ന പ്രതിപക്ഷ യോഗം അഴിമതിക്കാരുടെ സമ്മേളനമാണെന്നും കുടുംബത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് അവിടെ വന്നതെന്നും പ്രധാനമന്ത്രി.
ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയര്‍ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ വീഡിയോ കോണ്‍ഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങിയവരാണ് പ്രതിപക്ഷത്തെന്ന് ലാലു പ്രസാദ് യാദവ് കുടുംബത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. അവര്‍ കുടുംബത്തോടെ ജാമ്യത്തിലാണ്. രാഹുലിന്റെ കേസിനെ പരാമര്‍ശിച്ച് ഒരു സമുദായത്തെ അപമാനിക്കുകയും കോടതി ശിക്ഷിക്കുകയും ചെയ്തയാളെ ബഹുമാനിക്കുന്നവരാണ് പ്രതിപക്ഷത്തെന്നും പറഞ്ഞു.
ജല്ലിക്കട്ട് വിധി പുനഃപരിശോധിക്കണം: പെറ്റ
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ജല്ലിക്കട്ടും,കര്‍ണാടകയിലെ പോത്തോട്ട മത്സരമായ കമ്ബളയും,മഹാരാഷ്ട്രയിലെ കാളയോട്ടവും തുടരാൻ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ പെറ്റ സുപ്രീംകോടതിയില്‍.
മൃഗങ്ങളെ ചൂഷണം ചെയ്യുന്ന കായിക ഇനങ്ങളാണെന്നാണ് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് അനിമല്‍സിന്റെ വാദം. ജല്ലിക്കട്ടില്‍ അടക്കം പങ്കെടുക്കുന്നവര്‍ക്ക് പരിക്കും മരണവും വരെ സംഭവിക്കുന്നുവെന്നും പുനഃപരിശോധനാഹര്‍ജിയില്‍ പെറ്റ ചൂണ്ടിക്കാട്ടി.
2014ലെ എ. നാഗരാജ കേസ് വിധിയില്‍ ജല്ലിക്കട്ടിന് അടക്കം സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളും കൊണ്ടുവന്ന നിയമഭേദഗതികള്‍ക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് ഇക്കഴിഞ്ഞ മേയ് 18ന് വിധിച്ചിരുന്നു. ഇതിനെയാണ് പെറ്റ ചോദ്യം ചെയ്യുന്നത്.