Home Featured കോൺഗ്രസ് കക്ഷിയോഗത്തിൽ രാജിഭീഷണി മുഴക്കി എം.എൽ.എ.

കോൺഗ്രസ് കക്ഷിയോഗത്തിൽ രാജിഭീഷണി മുഴക്കി എം.എൽ.എ.

by admin

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ രാജിഭീഷണി മുഴക്കി പാർട്ടി എം.എൽ.എ. ആലന്ദ് എം.എൽ.എ. ബി.ആർ. പാട്ടീലാണ് വ്യാഴാഴ്ച ചേർന്ന യോഗത്തിൽ രാജിഭീഷണി മുഴക്കിയത്. ഞായറാഴ്ച അദ്ദേഹംതന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്.

മന്ത്രിമാർ പാർട്ടിയുടെ എം.എൽ.എ.മാരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ആത്മാഭിമാനം ഉയർത്തിക്കാട്ടാനാണ് രാജിഭീഷണി മുഴക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ അവഗണനയിൽ പ്രതിഷേധിച്ച് ബി.ആർ. പാട്ടീൽ ഉൾപ്പെടെ 30 എം.എൽ.എ.മാർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. തുടർന്ന് എം.എൽ.എ.മാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വ്യാഴാഴ്ച നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്തത്.

കത്തെഴുതിയതിന് താൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു. പക്ഷേ, എം.എൽ.എ.മാരെ കണക്കിലെടുത്തുകൊണ്ടുള്ള നിയമസഭാകക്ഷിയോഗ തീരുമാനങ്ങളിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥിയാക്കാമെന്നുപറഞ്ഞ് 21 ലക്ഷം തട്ടിയതായി പരാതി

ബെംഗളൂരു: നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാമെന്നുപറഞ്ഞ് ബി.ജെ.പി. കേന്ദ്ര നിരീക്ഷകനാണെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ 21 ലക്ഷം രൂപ തട്ടിയെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി. കൊപ്പാളിലെ കനഗനഗർ സ്വദേശി ഗായത്രി തിമ്മറെഡ്ഡി ഗൗഡ നൽകിയ പരാതിയിൽ വിശാൽ നാഗ് എന്നയാളുടെപേരിൽ ബെംഗളൂരു അശോക് നഗർ പോലീസ് കേസെടുത്തു.

കനകഗിരി മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചിരുന്നയാളാണ് ഗായത്രി. ഇവരുടെ ഭർത്താവ് തിമ്മറെഡ്ഡി ഗൗഡ മണ്ഡലത്തിലെ ബി.ജെ.പി. ഭാരവാഹിയാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജീതു വഴിയാണ് വിശാൽനാഗുമായി ബന്ധപ്പെടുന്നത്. ബെംഗളൂരു അശോക്‌നഗറിലെ ഹോട്ടലിൽവെച്ചായിരുന്നു കൂടിക്കാഴ്ച.

താൻ നൽകുന്ന പട്ടികയിൽനിന്നാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതെന്ന് വിശാൽനാഗ് ഗായത്രിയെയും തിമ്മറെഡ്ഡിയെയും വിശ്വസിപ്പിച്ചു. 25 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 21 ലക്ഷം കൈമാറി. തിമ്മറെഡ്ഡിയെ ഡൽഹിയിലെത്തിച്ച് നാലുദിവസം അവിടെ താമസിപ്പിച്ചു. പക്ഷേ, സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ തന്റെ പേരില്ലായിരുന്നെന്നും ഗായത്രി പരാതിയിൽ പറയുന്നു. വിശാൽ നാഗിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴേക്കും അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും ഗായത്രി പറയുന്നു. ഏപ്രിൽ അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് പോലീസിൽ പരാതി നൽകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group