മൂന്നാർ: 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് അവശിഷ്ട്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ 5 പേർ പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുവുമടക്കമുള്ളവരാണ് കസ്റ്റഡിയില്‍. 20 വയസ്സ് ഉണ്ടായിരുന്ന കല എന്ന പെണ്‍കുട്ടിയാണ് 15 വർഷങ്ങള്‍ക്കു മുൻപ് കാണാതായത്.
വിവാഹ ശേഷമാണു കലയെ കാണാതായത്. പ്രണവിവാഹമായിരുന്നതിനാലും കാണാതായതിന് ശേഷം ഭർത്താവ് നാട്ടില്‍ ഇല്ലാതിരുന്നതിനാലും കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഭർത്താവിനെ നാട്ടില്‍ തിരിച്ച് വിളിച്ച് വരുത്തി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്.
ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. ഭർത്താവ് അനില്‍ പെണ്‍കുട്ടിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടി എന്നാണ് ഭർത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്.