ന്യൂ ഡല്‍ഹി: വെനസ്വേലയിലെ അതി സങ്കീര്‍ണമായ സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം.വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലേക്കു കടത്തിയതിനെ തുടര്‍ന്ന് രൂപപ്പെട്ട അതീവ ഗുരുതരമായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെനിസ്വേലയിലെ നിലവിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ അനിവാര്യമല്ലാത്ത എല്ലാ യാത്രകളും അടിയന്തരമായി ഒഴിവാക്കി സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ വെനിസ്വേലയിലെ ലാ കാര്‍ലോട്ട വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങള്‍ താഴ്ന്ന് പറക്കുന്നതിനാല്‍ വെനിസ്വേലയില്‍ നിന്നുള്ള വ്യോമഗതാഗതവും താറുമാറായിരിക്കുകയാണ്.രാജ്യം വിടാന്‍ സാഹചര്യമില്ലാത്ത പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെനിസ്വേലയിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാന്‍ പ്രത്യേക ഇമെയില്‍ വിലാസവും അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്ബറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ തലസ്ഥാനമായ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി സമ്ബര്‍ക്കം പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.ആഴ്ചകളോളം അതീവ രഹസ്യമായി നടത്തിയ ആസൂത്രണത്തിനും തയാറെടുപ്പുകള്‍ക്കും ഒടുവിലാണ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ട്രംപ് ഭരണകൂടം പിടികൂടിയത്. വെനിസ്വേലയുടെ ഭരണം ഒരു നിശ്ചിത കാലയളവിലേക്ക് യുഎസ് നേരിട്ട് നടത്തുമെന്നും മറ്റാരും അധികാരം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ ഏകപക്ഷീയമായ സൈനിക നടപടിയില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് ചൈന അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വെനിസ്വേലയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.നിലവില്‍ വെനിസ്വേലയില്‍ ഏകദേശം 50-ലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ സ്ഥിരമായി താമസിക്കുന്നുണ്ട്. ഇതുകൂടാതെ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒഎന്‍ജിസി വിദേശ് പോലുള്ള കമ്ബനികളിലെ ഉദ്യോഗസ്ഥരും അവിടെയുണ്ട്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ കഴിയില്ല. തെരുവില്‍ സ്‌ഫോടനങ്ങളും മറ്റും നടക്കുന്നതിനാല്‍ വീടിനു പുറത്തിറങ്ങുന്നതും സുരക്ഷിതമല്ല. അവിടെയുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ പേരും താമസസ്ഥലവും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.