പത്തനംതിട്ട : നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. കാല്‍ കുടുങ്ങിയ നിലയില്‍ ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി

തിരുവല്ല – നാലുകോടി റോഡില്‍ പെരുംതുരുത്തി റെയില്‍വേ ഗേറ്റിനു സമീപം തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം . കെ.എസ്.ഇ.ബിയുടെ സാധനസാമഗ്രികള്‍ കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ഗിരീഷിനെ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് മുൻവശം മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു.നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടമായി വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവല്ല നിലയത്തില്‍ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിനുരാജ്, അനില്‍കുമാർ, രാംലാല്‍, ഷിബിൻ രാജ്, മുകേഷ്, ഷിജു, ആകാശ്, ഹോം ഗാർഡ്മാരായ അനില്‍കുമാർ, ലാലു എന്നിവരും ചങ്ങാനാശേരി നിലയത്തില്‍ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, റിനു, മനുകുട്ടൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വതിലായിരുന്നു രക്ഷാപ്രവർത്തനം.