കോട്ടയം: ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍.
മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്ബര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്ബി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ആയിരുന്നു അദ്ദേഹമെന്ന് തിരക്കഥാകൃത്തായ സുനീഷ് വാരനാട് അറിയിച്ചു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെ കണ്ണീരില്‍ ആഴ്‌ത്തിയിരിക്കുകയാണ്.
സുനീഷ് വാരനാടിന്‍റെ കുറിപ്പ്…
ചിരിയോർമ്മകള്‍ മാത്രമേയുള്ളൂ കോട്ടയം സോമരാജ് എന്ന സോമേട്ടനുമായി …ചുരുക്കം ചില ടെലിവിഷൻ,സ്റ്റേജ് ഷോകള്‍ ഒന്നിച്ചെഴുതിയിട്ടുമുണ്ട്..ഒട്ടേറെ മാസികകളിലെ കാർട്ടൂണ്‍ സ്ട്രിപ്പുകള്‍ക്ക് സ്ക്രിപ്ട് എഴുതിയിട്ടുള്ള സോമേട്ടൻ നല്ലൊരു അഭിനേതാവും കൂടിയായിരുന്നു..ചിലമ്ബിച്ച ശബ്ദത്തില്‍ പാടുന്ന സ്വന്തം പാരഡിയും,നിഷ്കളങ്കമായ നാട്ടുനർമ്മവും ഒരു പോലെ വഴങ്ങിയിരുന്ന സോമേട്ടനെ കുറച്ചുമാസങ്ങള്‍ക്ക് മുമ്ബ് കാണുമ്ബോള്‍ രോഗദുരിതത്തിന്റെ കഥകളും അദ്ദേഹം കോമഡിയാക്കി പറഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ചു..ചിരിപ്പിക്കാനും,ചിരിക്കാനും മാത്രം ശ്രമിച്ച ഒരു ജീവിതത്തിന് തിരശ്ശീല താഴ്‌ത്തി സോമേട്ടനെ ദൈവം കൊണ്ടു പോകുമ്ബോഴും പുതിയ ചില തമാശകള്‍ പറഞ്ഞ് സോമേട്ടൻ ദൈവത്തെ ചിരിപ്പിക്കുകയാകും…