ബംഗളൂരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ മൂന്നു ഭാഗങ്ങളില്‍ ഞായറാഴ്ച മെട്രോ സര്‍വിസ് തടസ്സപ്പെടുമെന്ന് ബി.എം.ആര്‍.സി.എല്‍ അറിയിച്ചു. കെ.ആര്‍ പുര- ബൈയപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട പാതകളിലെ പ്രവൃത്തിയെ തുടര്‍ന്നാണ് നിയന്ത്രണം. രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനുമിടയില്‍ മൈസൂരു റോഡ്- കെങ്കേരി, ബൈയപ്പനഹള്ളി- സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീല്‍ഡ് (കടുഗോഡി)-കെ.ആര്‍ പുര മെട്രോ സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വിസുകള്‍ തടസ്സപ്പെടുക.
രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെ, പര്‍പ്പിള്‍ ലൈനിലെ സ്വാമി വിവേകാനന്ദ റോഡിനും മൈസൂര്‍ റോഡ് മെട്രോ സ്റ്റേഷനുകള്‍ക്കുമിടയില്‍ മാത്രമേ ട്രെയിൻ സര്‍വിസുകളുണ്ടാകൂ. ഉച്ച ഒന്നിനുശേഷം ബൈയപ്പനഹള്ളിയില്‍നിന്ന് കെങ്കേരി മെട്രോ സ്റ്റേഷനുകളിലേക്കും കെ.ആര്‍ പുരയില്‍ നിന്ന് വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മെട്രോ സ്റ്റേഷനുകളിലേക്കും പതിവുപോലെ രാത്രി 11 വരെയും ട്രെയിൻ സര്‍വിസുകള്‍ ലഭ്യമാകും. ഗ്രീൻ ലൈനില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബി.എം.ആര്‍.സി.എല്‍ അറിയിച്ചു. ഫോണ്‍: 7022531677.