ബെംഗളൂരു ∙ മെട്രോ സ്റ്റേഷനുകളിൽ ശുചിമുറി ഉപയോഗിക്കാൻ ഫീസ് ഏർപ്പെടുത്തിയതിൽ യാത്രക്കാർക്ക് കടുത്ത പ്രതിഷേധം. ടിക്കറ്റ് നിരക്ക് കൂട്ടിയതിനു പിന്നാലെയുള്ള നടപടി അധികച്ചെലവാണെന്ന് യാത്രക്കാർ പറയുന്നുഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തിയുടെ നേതൃത്വത്തിൽ വിധാൻസൗധ മെട്രോ സ്റ്റേഷനു മുൻപിൽ പ്രതിഷേധിച്ചു.ഒട്ടേറെ യാത്രക്കാർ പങ്കെടുത്തു. പ്രതിഷേധക്കാർ ഒപ്പിട്ട നിവേദനം ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പബ്ലിക് റിലേഷൻ ഓഫിസർക്ക് നൽകി. ഫീസ് പിൻവലിക്കുന്നതു സംബന്ധിച്ച് ബിഎംആർസി ഉദ്യോഗസ്ഥരുമായും യാത്രക്കാരുമായും ചർച്ച ചെയ്യുമെന്ന് സമരക്കാർക്ക് ഉറപ്പു ലഭിച്ചു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ 12 മെട്രോ സ്റ്റേഷനുകളിലാണ് പേ ആൻഡ് യൂസ് സൗകര്യം ഏർപ്പെടുത്തിയത്. യൂറിനൽ (2 രൂപ), ടോയ്ലറ്റ് (5 രൂപ) എന്നിങ്ങനെയാണ് ഫീസ്.
അഭിപ്രായം തേടിയില്ല : അഭിപ്രായം തേടാതെ ഫീസ് ഏർപ്പെടുത്തിയതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. ശുദ്ധജലത്തിനും നിരക്കേർപ്പെടുത്തിയാൽ എന്തു ചെയ്യുമെന്ന് അവർ ചോദിക്കുന്നു. 2011ൽ ബെംഗളൂരുവിൽ മെട്രോ സർവീസ് ആരംഭിച്ചപ്പോൾ സ്റ്റേഷനുകളിൽ ശുചിമുറിയും ശുദ്ധജലവും ലഭ്യമായിരുന്നില്ല. ജീവനക്കാർക്കു മാത്രമായിരുന്നു ശുചിമുറി സൗകര്യം. നരസിംഹമൂർത്തിയുടെ നേതൃത്വത്തിൽ പലതവണ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യം അനുവദിച്ചത്. ഇപ്പോൾ, യാത്രക്കാരല്ലാത്തവർക്കും മെട്രോ സ്റ്റേഷനുകളിലെ ശുചിമുറി ഉപയോഗിക്കാം.