ഫേസ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്ബനിയായ മെറ്റ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വിപുലീകരിക്കുന്നു.ബംഗളുരുവില്‍ പുതുതായി തുടങ്ങുന്ന കേന്ദ്രത്തില്‍ 41 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഈ 41 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നില്‍ കമ്ബനി പരസ്യവും നല്‍കിയിട്ടുണ്ട്. മെറ്റയുടെ കരിയര്‍ വെബ്സൈറ്റിലും നിയമനം സംബന്ധിച്ച അറിയിപ്പുണ്ട്.സോഫ്റ്റ്വെയര് എന്‍ജിനീയറിങ്, മെഷീന് ലേണിങ് ജോലികള്‍ എന്നിവയ്ക്കായാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. മെറ്റയുടെ ഡാറ്റാ സെന്ററുകള്‍ക്കായി ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുക എന്നതാണ് നിയമിക്കപ്പെടുന്നവരുടെ ദൗത്യം.
മെറ്റയ്ക്ക് നിലവില്‍ ഇന്ത്യയില്‍ നിരവധി ഓഫീസുകളുണ്ട്. ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, ന്യൂഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ ഓഫീസുകളുണ്ട്. അതേസമയം, ഇവിടങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവാണ്. പ്രധാനമായും എന്‍ജിനീയറിങ് ഇതര തസ്തികകളാണ് ഇവിടെ കൂടുതലുമുള്ളത്. ബംഗളൂരുവിലെ പുതിയ കേന്ദ്രം ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള മെറ്റയുടെ ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയുള്ളതല്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. പകരം കസ്റ്റം ഇന്റേണല്‍ മെറ്റ ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയിലെ എന്‍ജിനീയറിങ് ടീമിനെ നയിക്കാനും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും പരിചയസമ്ബന്നനായ എന്‍ജിനീയറിങ് ഡയറക്ടറെയും മെറ്റ അന്വേഷിക്കുന്നുണ്ട്. മൂന്ന് ആഴ്ച മുന്‍പാണ് ഈ തസ്തികയിലേക്കുള്ള പരസ്യം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തത്.ലോകമെമ്ബാടുമുള്ള 1,700 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യയെ ഒരു എന്‍ിനീയറിംഗ് ഹബ്ബായി മെറ്റയ്ക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശാവഹമായ പ്രതീക്ഷകളാണ് നല്‍കുന്നത്.
അതേസമയം, ചെലവ് ചുരുക്കലിന്റെയും മോശം പെര്‍ഫോമന്‍സിന്റെയും പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്ന പതിവും മെറ്റയ്ക്കുണ്ട്. ഏതാനും ദിവസം മുമ്ബാണ് പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ കമ്ബനി പ്രഖ്യാപിച്ചത്.