ഫിഫ ഖത്തര്‍ ലോകകപ്പ് അതിന്‍റെ ആന്‍റിക്ലൈമാക്സിലേക്കോ…? ഖത്തര്‍ ലോകകപ്പില്‍ ഇനി ശേഷിക്കുന്ന ഏക സൂപ്പര്‍ ഡ്യൂപ്പര്‍ താരമായ അര്‍ജന്‍റീനയുടെ ലയണല്‍ മെസിക്ക് ഫിഫ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അഭ്യൂഹം.
നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്തായിക്കഴിഞ്ഞതോടെ ലയണല്‍ മെസി ഖത്തര്‍ ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുന്ന കാവ്യനീതിക്കായാണ് കാല്‍പ്പന്ത് പ്രേമികളുടെ കാത്തിരിപ്പ്. എന്നാല്‍, ഫ്രാന്‍സിന്‍റെ കൈലിയന്‍ എംബാപ്പെയും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചുമെല്ലാം ഖത്തറില്‍ ഇനിയും തുടരുന്നതും ലോകകപ്പ്ട്രോഫിയുമായി സ്വന്തം നാട്ടിലേക്ക് വീരോചിതമായി തിരിച്ചെത്താന്‍തന്നെ എന്നതില്‍ സംശയമില്ല.
അര്‍ജന്‍റൈന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടിത്തീയാകുന്ന വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ് ഖത്തറില്‍നിന്ന് പുറത്തുവരുന്നത്. ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലില്‍ അര്‍ജന്‍റീന ടീമിനൊപ്പം ലയണല്‍ മെസി കളിച്ചേക്കില്ലെന്ന ആശങ്കപടര്‍ന്നുകഴിഞ്ഞു. മെസിക്ക് എതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്.
നെതര്‍ലന്‍ഡ്സ് x അര്‍ജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ലയണല്‍ മെസി മാച്ച് റഫറിക്ക് എതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരത്തില്‍ ഇരു ടീമിന്‍റെയും കളിക്കാര്‍ വാക്കേറ്റവും കൈയ്യാങ്കളിയും അരങ്ങേറുകയും ചെയ്തു. സംഘര്‍ഷഭരിതമായ പശ്ചാത്തലത്തില്‍ മാച്ച് റഫറിയായ അന്‍റോണിയൊ മതേവു ലാഹോസ് 19 തവണയാണ് കാര്‍ഡ് പുറത്തെടുത്തത്.
വിലക്കു സാധ്യത കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കളിക്കാര്‍ക്ക് എതിരെ വിലക്ക് അടക്കമുള്ള നടപടി വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ലോകകപ്പിന് ഇടയില്‍തന്നെ അതുണ്ടായേക്കില്ല. മെസിക്ക് വിലക്കു വന്നാല്‍ അത് ഖത്തര്‍ ലോകകപ്പിന്‍റെ ഗ്ലാമറിനെത്തന്നെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനുശേഷമുള്ള മത്സരങ്ങളിലായിരിക്കും വിലക്കും നടപടിയും ഉണ്ടാകാന്‍ സാധ്യത.
വാവിട്ട വാക്ക് എനിക്ക് റഫറിമാരെ കുറിച്ച് സത്യസന്ധമായി പറയാനാവില്ല, കാരണം അവര്‍ (ഫിഫ) വിലക്ക് ഏര്‍പ്പെടുത്തിയേക്കും. മത്സരത്തിനു മുന്പുതന്നെ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്ന്. ഫിഫ തീര്‍ച്ചയായും ഇത് മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള റഫറിമാരെ നിര്‍ണായക മത്സരങ്ങളില്‍ നിയോഗിക്കരുത് – ലയണല്‍ മെസി മത്സരശേഷം പറഞ്ഞു.
അര്‍ജന്‍റീന ടീമും മെസിയും രൂക്ഷമായി പ്രതികരിച്ചതോടെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഫെഡറേഷന് എതിരേയും മെസി ഉള്‍പ്പെടെ മത്സരത്തില്‍ നിലവിട്ടു പെരുമാറിയ കളിക്കാര്‍ക്ക് എതിരേയുമാണ് അന്വേഷണം. ആര്‍ട്ടിക്കിള്‍ 12, 16 പ്രകാരം കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, റഫറിയുമായുള്ള അനാവശ്യതര്‍ക്കം, മത്സരത്തിന്‍റെ ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളിലാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
10 ടച്ചുകള്‍ മാത്രം, 40 മിനിറ്റില്‍ ഒറ്റ ഗോള്‍ ഷോട്ട്… പോര്‍ച്ചുഗല്‍ മടങ്ങുമ്ബോള്‍ ഒറ്റപ്പെട്ടുപോയ രാജാവായി ക്രിസ്റ്റ്യാനോ

ആദ്യ ഇലവനില്‍നിന്ന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തായി രണ്ടാം പകുതിയില്‍ മൈതാനത്തെത്തുന്ന താരത്തിന്റെ കാലുകളിലെത്തുന്നത് ആകെ 10 ടച്ചുകള്‍.
സമനില ഗോളിനായി ടീം ദാഹിച്ചുനിന്ന 40 മിനിറ്റില്‍ എതിര്‍വല ലക്ഷ്യമിട്ട് പറന്നത് ഒരു ഷോട്ട് മാത്രം. ടീമില്‍ സ്ഥിരം ഫ്രീകിക്കുകാരനാണെങ്കിലും ഇത്തവണ കിക്കെടുത്തത് ബ്രൂണോ ഫെര്‍ണാണ്ടസും മറ്റുള്ളവരും… ലോകകപ്പില്‍ അവസാന മത്സരത്തിനിറങ്ങുമ്ബോള്‍ ക്രിസ്റ്റ്യാനോയെന്ന മാന്ത്രികന്‍ ഇതൊന്നുമാകില്ല കാത്തിരുന്നത്. പലവട്ടം എതിര്‍വല കുലുക്കി സ്വപ്നങ്ങളിലെ രാജകുമാരനായി കോടിക്കണക്കിന് ആരാധക മനസ്സുകളില്‍ നിറയാമെന്നും തന്റെ രാജ്യത്തെ അങ്ങനെ ലോകകിരീടത്തിലേക്ക് നയിക്കാമെന്നുമായിരിക്കണം. ദേശീയ ജഴ്സിയില്‍ 196ാം തവണ ഇറങ്ങിയ മത്സരത്തില്‍ പക്ഷേ, എല്ലാം നഷ്ടപ്പെട്ടായിരുന്നു ടീമിനൊപ്പം താരത്തിന്റെയും മടക്കം.
റൂബന്‍ നെവസിനു പകരം 51ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നത്. വിങ്ങുകളില്‍നിന്ന് പറന്നെത്തുന്ന പന്ത് കാത്ത് മൊറോക്കോ ബോക്സില്‍ കാത്തുകെട്ടിക്കിടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പലപ്പോഴും പാസ് പറന്നിറങ്ങിയത് സമീപത്തുണ്ടായിരുന്ന സഹതാരങ്ങളുടെ കാലുകളില്‍. 91ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരമാകട്ടെ, മൊറോക്കോ ഗോളി യാസീന്‍ ബോനോയെന്ന അതിമാനുഷന്റെ കൈകള്‍ തട്ടിയകറ്റുകയും ചെയ്തു.
ടീമില്‍ മുഴുസമയവും കളിക്കാന്‍ അവസാന മൂന്നു കളികളിലും അവസരം കിട്ടാതെപോയ താരമായിരുന്നു റൊണാള്‍ഡോ. ഗ്രൂപ് ഘട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെ കളി പാതിയില്‍ നില്‍ക്കെ റൊണാള്‍ഡോയെ കോച്ച് പിന്‍വലിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും ഒടുവില്‍ മൊറോക്കോക്കെതിരെ ക്വാര്‍ട്ടറിലും ആദ്യ ഇലവനില്‍ പോലുമുണ്ടായില്ല. താരമൂല്യവും ജനപിന്തുണയും ക്രിസ്റ്റ്യാനോയെ ഏറെ മുന്നില്‍ നിര്‍ത്തുന്നുവെങ്കിലും കളത്തിലെ കളിയില്‍ പുതിയ കണക്കുകള്‍ താരത്തിനൊപ്പം നില്‍ക്കാത്തതാണ് വില്ലനായത്. ഇതിനെതിരെ താന്‍ ഒറ്റക്കും മറ്റുള്ളവരും പ്രതികരിച്ചെങ്കിലും കോച്ച് സാന്റോസ് കൂട്ടാക്കിയില്ല. വിജയം ലക്ഷ്യമാകുമ്ബോള്‍ ടീമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞ് ടീം പരാജയം സമ്മതിച്ചുനില്‍ക്കുമ്ബോള്‍ വിതുമ്ബി മൈതാനത്തുനിന്ന താരത്തെ ആശ്വസിപ്പിക്കാനും ആരുമുണ്ടായില്ല. അഞ്ചാം ലോകകപ്പ് കളിച്ചിട്ടും ഒരു തവണ പോലും കിരീടം ചൂടാനാകാത്ത നഷ്ടം മറ്റാരുടെതുമായിരുന്നില്ലെന്നതായിരുന്നു ക്രിസ്റ്റ്യാനോയെ ഇത്രമേല്‍ കണ്ണീരിലാഴ്ത്തിയത്. പോര്‍ച്ചുഗലിന് പക്ഷേ, സമീപകാല കണക്കുകള്‍ കൂട്ടില്ലാത്തതിനാല്‍ ഇത് അത്ര വലിയ നഷ്ടമായില്ല. പരാജയം സമ്മതിക്കുന്നുവെന്നായിരുന്നു കോച്ചിനും മറ്റുള്ളവര്‍ക്കും പറയാനുണ്ടായിരുന്നത്.
ആരും പരിഗണിക്കാനില്ലാതെ ഡ്രസ്സിങ് റൂമിലേക്ക് അതിവേഗം മടങ്ങുന്നതും ടൂര്‍ണമെന്റിന്റെ വേദനിപ്പിക്കുന്ന കാഴ്ചയായി. ലോകകപ്പിനു മുമ്ബ് തന്റെ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ രംഗത്തെത്തി വിവാദമുണ്ടാക്കുകയും ടീം വിടുകയും ചെയ്തായിരുന്നു ക്രിസ്റ്റ്യാനോ ലോകകപ്പിനെത്തിയത്. എല്ലാം ലോകകപ്പില്‍ കാണാമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതിനിടെ, സൗദി ക്ലബ് റെക്കോഡ് തുകക്ക് താരത്തെ എടുത്തതായും വാര്‍ത്തകള്‍ വന്നു.
ലോകകപ്പില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും മടങ്ങുമ്ബോള്‍ ക്രിസ്റ്റ്യാനോക്കിത് സമാനതകളില്ലാത്ത നഷ്ടങ്ങള്‍ സമ്മാനിച്ചുള്ള മടക്കമാണ്. അഞ്ചുലോകകപ്പുകളില്‍ 22 കളികളില്‍നിന്നായി എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമായുള്ള താരത്തിന് ഒരു കിരീടം കൂടി അര്‍ഹിച്ചിരുന്നുവെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.