Home കർണാടക അദ്ധ്യാപകനുമായി പ്രണയമെന്ന് സുഹൃത്തുക്കളുടെ അപവാദം; മനംനൊന്ത് ജീവനൊടുക്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

അദ്ധ്യാപകനുമായി പ്രണയമെന്ന് സുഹൃത്തുക്കളുടെ അപവാദം; മനംനൊന്ത് ജീവനൊടുക്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

by ടാർസ്യുസ്

ബംഗളൂരു: അദ്ധ്യാപകനുമായി പ്രണയമെന്ന് സുഹൃത്തുക്കള്‍ നുണകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി മെഡിക്കല്‍ വിദ്യാർത്ഥിനി.കർണാടകയിലെ മല്ലാദിഹള്ളി രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബിഎഎംഎസ് വിദ്യാർത്ഥിനി നികിത എംയു (22) ആണ് മരിച്ചത്. കോളേജിലെ അദ്ധ്യാപകനുമായി നികിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സഹപാഠികള്‍ അപവാദം പ്രചരിപ്പിച്ചതാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സ്‌കൂള്‍ ഹെഡ്മാസ്റ്റർ കൂടിയായ നികിതയുടെ പിതാവ് ഉമാശങ്കർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കോളേജിലെ ഡോ. രാജു എന്ന ലക്ചററുമായി നികിതയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രണയമാണെന്ന തരത്തില്‍ ചില സഹപാഠികള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

സഹപാഠികളുടെ നിരന്തരമായ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നികിതയെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരുന്നു. പരിഹാസം പരിധിവിട്ടതോടെ കോളേജില്‍ പോകാനും യുവതി ഭയപ്പെട്ടു. മാതാപിതാക്കള്‍ നികിതയെ ആശ്വസിപ്പിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുടെ പരിഹാസം നികിതയെ അലട്ടിയിരുന്നു.കഴിഞ്ഞ ദിവസം 11 മണിയോടെയാണ് നികിതയെ വീട്ടില്‍ മരിച്ച നിലയില്‍ കുടംബം കണ്ടെത്തിയത്. നികിതയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും തന്നെ ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളെക്കുറിച്ചും കുറിപ്പില്‍ നികിത വിശദീകരിച്ചു. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന മനടപടി സ്വീകരിക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group