തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിയെ പാറശാല പോലിസ് പിടികൂടി.ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ പോലുള്ള രാസലഹരികള്‍ വാങ്ങാൻ കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ലഹരി വില്‍പ്പന നടത്തുന്ന പ്രതി പിടിയില്‍. പൂവച്ചല്‍ കൊണ്ണിയൂർ സ്വദേശി ഷൈജു മാലിക് (36) ആണ് പാറശാല പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജൂലൈ മാസം പൂവച്ചല്‍, കുടപ്പനക്കുന്ന് സ്വദേശികളായ രണ്ടു പേരെ പാറശാല പോലീസും ഡാൻസാഫ് സംഘവും 70 ഗ്രാം എംഡിഎംഎയുമായി പാറശാലയില്‍ വച്ച് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേരളത്തില്‍ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് എംഡിഎംഎ നല്‍കുന്നത് ഷൈജു മാലിക് ആണെന്ന വിവരം പോലീസിന് ലഭിച്ചത്.ബെംഗളൂരുവില്‍ എത്തുന്നവർക്ക് മൊത്തമായും ചില്ലറയായും എംഡിഎംഎ നല്‍കുന്നത് ഷൈജു മാലിക് ആണെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഇയാള്‍ക്ക് വേണ്ടി ബെംഗളൂരുവില്‍ എത്തിയെങ്കിലും പിടികൂടാനായില്ല. ആറ് മാസത്തെ തുടർ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ വാങ്ങാനെന്ന വ്യാജേന പാറശാല എസ്.ഐ ദിപു ഷൈജു മാലികിനെ സമീപിച്ചത്.ഇയാളുടെ മുറിയില്‍ നിന്ന് വ്യാജ ആധാർ കാർഡ് കണ്ടെത്തി. ഈ കാർഡ് ഉപയോഗിച്ച് പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. ഇയാള്‍ സമാന കേസില്‍ ഒന്നര വർഷം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം വീണ്ടും ബെംഗളൂരുവില്‍ എംഡിഎംഎ കച്ചവടത്തിന് ഇറങ്ങിയതാണെന്ന് പോലീസിനോട് പറഞ്ഞു.കേരളത്തില്‍ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് മധുര, ദിണ്ടിക്കല്‍, ഈറോഡ് എന്നിവിടങ്ങളിലും പ്രതി ലഹരി എത്തിച്ച് നല്‍കിയിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പാറശാല ഇൻസ്പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ദീപു എസ്, പോലീസുകാരായ വിമല്‍രാജ്, റോയ്, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്.