ബംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
ഏപ്രില്‍ മൂന്നിന് നടന്ന കണക്ക് പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായി കോപ്പിയടിക്കാന്‍ കൂട്ടുനിന്നതിനാണ് നടപടി. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.ഇതോടെയാണ് പരീക്ഷ നടത്തിപ്പില്‍ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജനല്‍ വിജിലന്‍സ് സ്‌ക്വാഡിന്‍റെയും വീഴ്ച ബോധ്യമായതും നടപടിയെടുത്തതും. പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ,അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിക്കെതിരെ കേസ്
ബംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. ആര്‍.ആര്‍. നഗര്‍ എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്നക്കെതിരെ ആര്‍.ആര്‍.നഗര്‍ പൊലീസാണ് നടപടിയെടുത്തത്.
മാര്‍ച്ച് 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ൈഫ്ലയിങ് സര്‍വൈലന്‍സ് ടീം തലവന്‍ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നല്‍കിയത്.
മന്ത്രിയുടെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെപ്പറ്റിയാണെന്നാണ് പൊലീസ് പറയുന്നത്.