ബംഗളൂരു: മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞ് നേതാക്കളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.
കർണാടക സർക്കാറിനെതിരെ അഴിമതി ആരോപണവുമായാണ് മാർച്ച് സംഘടിപ്പിച്ചത്. പ്രകടനം ലക്ഷ്യസ്ഥാനത്തെത്തും മുമ്ബ് മുൻകരുതലെന്ന നിലയില്‍ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മന്ത്രിമാരായ എസ്. സുനില്‍കുമാർ, അരഗ ജ്ഞാനേന്ദ്ര, എസ്. സുരേഷ് കുമാർ, സി.എൻ. അശ്വത് നാരായൻ, എം.എല്‍.സി സി.ടി. രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എം.എല്‍.എമാരടക്കം മാർച്ചില്‍ അണിനിരന്നിരുന്നു. പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ സിറ്റി പൊലീസ് കമീഷണർ സജ്ജമാക്കിയിരുന്നു.
മൈസൂരുവില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലെ ഭൂമി ഇടപാടില്‍ ഏകദേശം 4,000 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മഹർഷി വാല്മീകി എസ്.ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട് 180 കോടിയുടെ അഴിമതി നടന്നതായും ആരോപണമുയർന്നു. എസ്.ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അക്കൗണ്ട് സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു.
കർണാടക സർക്കാറില്‍ തുടർച്ചയായി അഴിമതി അരങ്ങേറുകയാണെന്ന് ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി. വാല്മീകി കോർപറേഷനിലെ അഴിമതിയേക്കാളും വലുതാണ് മൈസൂരു നഗര വികസന കോർപറേഷനില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരില്‍ നടന്ന ഇടപാടിലെ അഴിമതി. മൈസൂരു നഗര വികസന കോർപറേഷൻ അഴിമതി കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.