കാസര്‍കോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎല്‍എയുടെ ഉപവാസം. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് ആണ് സ്വാതന്ത്ര ദിനത്തില്‍ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിര്‍ത്തിയില്‍ രാവിലെ പത്തര മുതലാണ് ഉപവാസ സമരം.
സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ വാക്സിനെടുത്തവരെ കൊവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിര്‍ദേശം പോലും കര്‍ണാടക നിരാകരിക്കുകയാണെന്നാണ് ആരോപണം.
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനും കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയണമെന്നായിരുന്നു അന്നത്തെ നിര്‍ദേശം.