വർധിച്ചുവരുന്ന ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനായി, കേരളത്തില്‍ രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍, പ്രത്യേകിച്ച് അമിതവേഗതയില്‍ സഞ്ചരിക്കുന്നവ, ഇനി മുതല്‍ മംഗളൂരില്‍ വെച്ച് തന്നെ പിടിച്ചെടുക്കും.മംഗളൂരു സിറ്റി പൊലീസ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചു.കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ ലഭിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.കേരള രജിസ്ട്രേഷൻ ഇരുചക്രവാഹനങ്ങളുടെ നിയമലംഘനങ്ങളില്‍ വലിയ വർദ്ധനവാണ് അടുത്തിടെയുണ്ടായിട്ടുള്ളത്.
ഇതില്‍ ഏകദേശം 90 ശതമാനം നിയമലംഘനങ്ങളും മംഗളൂരിലെയും സമീപപ്രദേശങ്ങളിലെയും കോളേജുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളാണ് നടത്തുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഇവർ അശ്രദ്ധമായി വാഹനമോടിക്കുന്നതായി പലപ്പോഴും പരാതികളുയർന്നിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയിട്ടും നിയമം പാലിക്കുന്നതില്‍ വലിയ കുറവാണുള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗതാഗത മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങള്‍ ഉടൻ പിടിച്ചെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.
പിഴ ഒടുക്കിയതിന് ശേഷം മാത്രമേ ഈ വാഹനങ്ങള്‍ തിരികെ വിട്ടുനല്‍കൂ.നിയമം ഇങ്ങനെയൊരു നടപടിക്ക് അനുവാദം നല്‍കുന്നുണ്ടെന്ന് കമ്മീഷണർ റെഡ്ഡി സ്ഥിരീകരിച്ചു. കൂടാതെ, ഗതാഗത അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് സ്റ്റേഷനുകള്‍ പ്രാദേശിക കോളേജുകളില്‍ പതിവായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്.കോളേജ് അധികൃതരും നിയമപാലകരും നല്‍കുന്ന മുന്നറിയിപ്പുകള്‍ വിദ്യാർത്ഥികള്‍ തുടർന്നും അവഗണിക്കുകയാണെങ്കില്‍, അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
കേരള വിദ്യാർത്ഥികള്‍ തുടർച്ചയായി നിയമലംഘനം നടത്തുന്നതില്‍ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുകയും കോളേജ് മാനേജ്‌മെന്റുകള്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്ഥാപനങ്ങള്‍ പ്രാദേശിക ഗതാഗത നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ കർശനമായി ബോധവല്‍ക്കരിക്കണമെന്നും, നിയമലംഘനങ്ങളില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, ട്രിപ്പിള്‍ റൈഡിംഗ്, എതിർ ദിശയില്‍ വാഹനമോടിക്കല്‍, അമിത വേഗത, കറുത്ത ഗ്ലാസ് ഉള്ള കാറുകള്‍ ഉപയോഗിക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍. ചില സന്ദർഭങ്ങളില്‍ നിയമലംഘകർ ഇടപെടാൻ ശ്രമിച്ച നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.