ബെംഗളൂരു: മാണ്ഡ്യയിൽ ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകർ സ്ഥാപിച്ച ഹനുമാൻചിത്രമുള്ള പതാക അധികൃതർ നീക്കിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. കെരഗൊഡു ഗ്രാമത്തിൽ ഈ മാസം 19-ന് 108 അടി ഉയരമുള്ള കൊടിമരത്തിൽ സ്ഥാപിച്ച പതാകയാണ് നീക്കിയത്. ശനിയാഴ്ച താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ വീണയാണ് പതാക നീക്കാൻ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയത്.
ഞായറാഴ്ച രാവിലെ ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകരും ബജ്‌റംഗ്‌ദൾ പ്രവർത്തകരും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്.
കെരഗൊഡു ഗ്രാമവാസികൾ ബന്ദ് ആചരിക്കുകയും മാണ്ഡ്യ-യെഡിയൂരു സംസ്ഥാനപാത ഉപരോധിക്കുകയുംചെയ്തു. കോൺഗ്രസ് സർക്കാരിനെതിരേയും മാണ്ഡ്യ എം.എൽ.എ. ഗണിഗ രവികുമാറിനെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കി. സംഘർഷാവസ്ഥ മുന്നിൽക്കണ്ട് ഗ്രാമത്തിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.പി. എൻ. യതീഷ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
12 ഗ്രാമങ്ങളിലെ ജനങ്ങളിൽനിന്നും ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകരിൽനിന്നും പണം പിരിച്ചാണ് 108 അടി ഉയരമുള്ള കൊടിമരം സ്ഥാപിച്ചത്. ഇതിനെതിരേ ഒരു വിഭാഗം ആളുകൾ താലൂക്ക് ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. പതാക നീക്കാൻ ശ്രമംനടക്കുന്നതായുള്ള വിവരം ലഭിച്ചതോടെ ശനിയാഴ്ച രാത്രി നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ പതാക നീക്കിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ ശിവമൂർത്തിയുടെയും തഹസിൽദാർ ശിവകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു പതാക നീക്കിയത്.
ന്യായീകരിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: മാണ്ഡ്യയിൽ ഹനുമാന്റെ ചിത്രമുള്ള പതാക നീക്കംചെയ്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവി പതാക സ്ഥാപിച്ചവർ പകരം അവിടെ ദേശീയപതാക സ്ഥാപിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, ഹനുമാന്റെ ചിത്രമുള്ള പതാക നീക്കിയതിനെതിരേ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകരുന്നതിന് കാരണം കോൺഗ്രസ് സർക്കാരാണെന്ന് വിജയേന്ദ്ര ആരോപിച്ചു.