ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കവേ റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അജണ്ടയെന്ന് ഗഡ്കരി പറഞ്ഞു. നിയമം അനുസരിച്ച് പിന്‍സീറ്റിലെ ബെല്‍റ്റ് ചട്ടങ്ങള്‍ പാലിക്കാത്ത ഒരു രാജ്യത്ത് റോഡ് സുരക്ഷയെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു പുതിയ പാഠമായിരുന്നു ഈ സംഭവം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അപകടത്തിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയായി പോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം നിര്‍ഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു കാര്യം വളരെ പ്രധാനമാണ്, റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണ്, ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു’, ഗഡ്കരി പറഞ്ഞു.
പിന്നില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാല്‍ കൂടുതല്‍ കര്‍ശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും ഗഡ്കരി പറഞ്ഞു. പിന്‍സീറ്റുകളിലും സീറ്റ് ബെല്‍റ്റ് അലാറം സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിയന്ത്രിത കുടിയേറ്റവും നിര്‍മാണവും ബംഗളൂരു നഗരത്തെ കൊല്ലുന്നു
ബംഗളൂരു: അനിയന്ത്രിതമായ കുടിയേറ്റവും നിയമം കാറ്റില്‍ പറത്തിയുള്ള കെട്ടിട നിര്‍മാണവും ഇതിനെല്ലാം കുടപിടിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ബംഗളൂരു നഗരത്തെ നാശത്തിന്റെ പാതയിലേക്കു നയിക്കുന്നു.ഒരാഴ്ചയായി നഗരം അഭിമുഖീകരിക്കുന്ന പ്രളയദുരിതത്തിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.
90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണു ബംഗളൂരു നഗരം അഭിമുഖീകരിക്കുന്നത്. സര്‍വത്ര കോണ്‍ക്രീറ്റ് വനമായതോടെ താഴ്വാരങ്ങളിലുള്ള തടാകങ്ങളിലേക്കുള്ള മാര്‍ഗങ്ങളെല്ലാം അടയ്ക്കപ്പെട്ടു. ഇതോടെ വെള്ളമൊഴുക്കിനു മാര്‍ഗമില്ലാതായി. നഗരത്തില്‍ എവിടെ നോക്കിയാലും നിയമം കാറ്റില്‍ പറത്തിയുള്ള കെട്ടിടനിര്മാണമാണു നടക്കുന്നത്.
കുടിവെള്ള ലഭ്യതയോ മറ്റു ഘടകങ്ങളോ ആരും ഗൗനിക്കുന്നില്ല. എവിടെ വെറുംഭൂമിയുണ്ടോ അതെല്ലാം പ്ലോട്ടാക്കി തിരിച്ചുവില്ക്കുകയെന്ന ലക്ഷ്യം മാത്രമേ അധികൃതര്ക്കുള്ളൂവെന്നും പ്രളയമുണ്ടായാല്‍ പ്രളയജലം ഒഴുക്കിവിടാനുള്ള സംവിധാനമൊരുക്കുന്നതില്‍ കാലാകാലങ്ങളായി ഭരിക്കുന്ന സര്‍ക്കാരുകള്‍ തികച്ചും പരാജയമാണെന്നും നഗരവാസികള്‍ കുറ്റപ്പെടുത്തുന്നു.
ഏതായാലും പ്രളയജലത്തില്‍ മുങ്ങി നഗരജീവിതം നരകജീവിതമായതോടെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്താനാണു താത്പര്യം കാട്ടുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാലത്തെ അനധികൃത നഗരവത്കരണമാണ് ഇപ്പോഴത്തെ ദുസ്ഥിതിക്കു കാരണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബിജെപിയും കുറ്റപ്പെടുത്തുന്പോള്‍ ബംഗളൂരുവിലും കര്‍ണാടകയിലും ഇപ്പോള്‍ സര്‍വത്ര അഴിമതിയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാരിനു സമയമില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
മോശം ഭരണം, ഉയര്‍ന്ന അഴിമതി, നഗരപരിഷ്കരണങ്ങളുടെ അഭാവം എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളുടെ ഫലമാണ് കനത്ത മഴയെത്തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായ പ്രമുഖന് ടി.വി. മോഹന്‍ദാസ് പൈ പ്രതികരിച്ചു.
നഗരപരിഷ്കരണങ്ങളുടെ അഭാവത്തില്‍ മനംമടുത്ത് ബംഗളൂരുവിലെ ചില ഐടി കന്പനികളെങ്കിലും തങ്ങളുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ അയല്‍സംസ്ഥാനമായ തെലുങ്കാനയിലേക്കോ ആന്ധ്രപ്രദേശിലേക്കോ മാറ്റാന്‍ തയാറെടുക്കുന്നതായി സൂചനയുണ്ട്.
ബംഗളൂരുവിലെ പ്രളയസാഹചര്യം ചൂണ്ടിക്കാട്ടി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ബംഗളൂരുവിലെ ഐടി കന്പനികളെ ഹൈദരാബാദിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.