Home Featured ജിടി മാളില്‍ മുണ്ടുടുത്ത് എത്തിയ വൃദ്ധന് പ്രവേശനം നിഷേധിച്ചു;വ്യാപക പ്രതിഷേധം

ജിടി മാളില്‍ മുണ്ടുടുത്ത് എത്തിയ വൃദ്ധന് പ്രവേശനം നിഷേധിച്ചു;വ്യാപക പ്രതിഷേധം

by admin

ബംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെത്തിയ വൃദ്ധന് പ്രവേശനം നിഷേധിച്ചു. ബംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. വൃദ്ധനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. മാളിലെ സിനിമാ തിയേറ്ററില്‍ വൃദ്ധനും മകനും സിനിമയ്ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് മാളില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങള്‍ ഏറെ ദൂരെനിന്ന് വരുന്നവരാണെന്നും മറ്റുവസ്ത്രങ്ങള്‍ കൈയിലില്ലെന്നും അറിയിച്ചെങ്കിലും മാനേജ്മെന്റ് നിർദ്ദേശങ്ങള്‍ പാലിക്കാൻ മാത്രമേ തങ്ങള്‍ക്ക് കഴിയൂ എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇരുവരോടും പറഞ്ഞത്. പാന്റ് ധരിച്ചാല്‍ ആ നിമിഷം അകത്തേക്ക് വിടാമെന്നും സെക്യൂരിറ്റി വൃദ്ധനോട് പറയുന്നുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മാളിനെതിരെ പ്രതിഷേധം കടുത്തു. ഇന്ത്യൻ സംസ്കാരത്തെത്തന്നെ അപമാനിക്കുന്ന പ്രവൃത്തിയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മാള്‍ അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായതെന്നാണ് ചിലർ പറയുന്നത്. മാള്‍ തെറ്റ് തിരുത്തുകയും വൃദ്ധനും മകനും ഒരുവർഷം സൗജന്യമായി സിനിമ കാണുന്നതിനുള്ള പാസ് നല്‍കണമെന്നാണ് മറ്റുചിലരുടെ ആവശ്യം.

സ്വന്തം നാട്ടില്‍ സ്വന്തം വസ്ത്രം ധരിക്കുന്നത് വിലക്കാൻ ആർക്കും അവകാശമില്ലെന്നും ആത്മാഭിമാനമുള്ളവർ മാളില്‍ പോകുന്നത് അവസാനിപ്പിക്കണമെന്നുമാണ് വേറെ ചിലരുടെ പ്രതികരണം. നിയന്ത്രണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നല്‍കി. അതേസമയം, വിഷയത്തില്‍ ഇതുവരെ മാള്‍ അധികൃതർ പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group