ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നല്‍കാതിരുന്നതിന് ജീവിത പങ്കാളിയെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ചൗമ ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരൻ പൊലീസില്‍ പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബീഹാറിലെ മധേപുര ജില്ലയിലെ ഔരാഹി സ്വദേശിയാണ് ലല്ലൻ യാദവ്. ചോദ്യം ചെയ്യലില്‍ മദ്യപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.
മാർച്ച് പത്തിന് ഗുരുഗ്രാം ബസ് സ്റ്റാൻഡില്‍ നിന്ന് യാദവിനെയും അഞ്ജലിയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. അവരുടെ ശരിയായ പേരുകളും വിലാസങ്ങളും ഐഡികളും വീട്ടുടമസ്ഥൻ സൂക്ഷിച്ചിട്ടില്ല. ലാലൻ യാദവ് അഞ്ജലിയെ തന്റെ ഭാര്യയായി പരിചയപ്പെടുത്തിയിരുന്നു. ആറ് വർഷം മുമ്ബ് പാമ്ബുകടിയേറ്റാണ് ഭാര്യ മരിച്ചതെന്നും അതിന് ശേഷമാണ് താൻ ഡല്‍ഹിയില്‍ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഏഴുമാസം മുമ്ബ് തെവുവില്‍ മാലിന്യം ശേഖരിച്ച് വില്‍ക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടതായും ഇരുവരും കൂലിപ്പണിക്കിടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെല്‍റ്റും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും പാലം വിഹാർ എസിപി നവീൻ കുമാർ പറഞ്ഞു.