ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂന്‍(42) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ നഗരത്തില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്തായിരുന്നു സംഭവം. ഏകദേശം 15 തവണ യുവതിക്ക് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന കടന്നുകളഞ്ഞ പ്രതി ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ജയനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
21 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും ഏറെനാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച ബംഗാളില്‍നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇതിന് പിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി കൃത്യം നടത്തിയത്.
സ്പായിലെ ജോലി മതിയാക്കി തന്നെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫരീദ ഇതിന് തയ്യാറായില്ല. മാത്രമല്ല, നാട്ടില്‍ പോയതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായി ബെംഗളൂരു സൗത്ത് ഡി.സി.പി. ശിവപ്രകാശ് ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു.