ബെംഗളൂരു: ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടിതട്ടി മരിച്ചു. ബെംഗളൂരുവിലെ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.
തമിഴ്നാട് വെല്ലൂർ സ്വദേശിയായ ജി. ശശികുമാറാണ് (22) മരിച്ചത്. യെലഹങ്കയിലെ കോളേജിൽ ബിബിഎം രണ്ടാംവർഷ വിദ്യാർഥിയാണ്.
സുൽത്താൻപാളയിൽ താമസിക്കുന്ന ശശികുമാർ രാവിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.
ചെവിയിൽ ഇയർഫോൺ വെച്ചിരുന്നതിനാൽ തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ലോക്കോപൈലറ്റാണ് അപകടവിവരം പോലീസിനെ അറിയിച്ചത്.