Home Featured ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്

ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്

by admin

ന്യൂയോര്‍ക്ക്: പലപ്പോഴും വിവാഹമോചനക്കേസുകളില്‍ നഷ്ടപരിഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. ന്യൂയോര്‍ക്കില്‍ നിന്ന് അത്തരമൊരു വ്യത്യസ്തമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സംഭവം ഇങ്ങനെ… ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ എന്നയാള്‍ നേരത്തെ തന്റെ ഭാര്യയ്ക്ക് ഒരു കിഡ്‌നി നല്‍കിയിരുന്നു. 2001-ല്‍ രണ്ട് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ ഭാര്യ ഡോണല്‍ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്‌നി നല്‍കിയത്.

ഡോണല്‍ നഴ്സായി പരിശീലനം നേടുന്ന ആശുപത്രിയില്‍ വച്ചായിരുന്നു ഇവര്‍ ഇരുവരും കണ്ടുമുട്ടിയത്. 1990 -ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍, കിഡ്‌നി നല്‍കി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍, 2005 -ല്‍ ഡോണല്‍ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികള്‍ നാല് വര്‍ഷത്തിലധികം നീണ്ടുപോയി. ശേഷം 2009 -ല്‍ കോടതി വിവാഹമോചനം അനുവദിച്ചു.

തുടര്‍ന്ന് ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ് കൊടുത്തു. ഒന്നുകില്‍ താന്‍ നല്‍കിയ കിഡ്‌നി തിരിച്ചു തരണം. അല്ലെങ്കില്‍ 12 കോടി രൂപ തരണം ഇതായിരുന്നു ഇയാള്‍ തന്റെ മുന്‍ഭാര്യയോട് ആവശ്യപ്പെട്ടത്. തന്റെ ഭാര്യ തന്റെ മൂന്ന് കുട്ടികളെ കാണാന്‍ പോലും മാസങ്ങളോളം തന്നെ അനുവദിച്ചില്ല എന്നും പരാതിയില്‍ പറയുന്നു. ഇനി എനിക്ക് മറ്റ് വഴികളില്ല, അതിനാലാണ് താന്‍ കിഡ്‌നിയോ പണമോ ചോദിച്ചത് എന്നും ഡോക്ടര്‍ ബാറ്റിസ്റ്റ പറഞ്ഞു.

കിഡ്‌നി നല്‍കുമ്പോള്‍ തനിക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അവളുടെ ജീവന്‍ രക്ഷിക്കുക, രണ്ട് തങ്ങളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവുക, എന്നാല്‍ എല്ലാം തകര്‍ന്നു എന്നാണ് ബാറ്റിസ്റ്റ പറയുന്നത്.സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആളുകളില്‍ ഭൂരിഭാഗവും പറഞ്ഞത് ബാറ്റിസ്റ്റയുടെ ആവശ്യം അംഗീകരിക്കപ്പെടണം എന്നാണ്. എന്നാല്‍, കോടതി ഇയാളുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group