കാമുകിയായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങാണ് ആത്മഹത്യ ചെയ്തത്.ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് നാല്‍പതുകാരനായ അഭിഷേക് സിങ്. മംഗംളുരുവിലെ ലോഡ്ജ് മുറിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമെന്ന വിവരം മറച്ചുവെച്ചാണ് യുവതി താനുമായി പ്രണയത്തിലായതെന്നാണ് യുവാവ് ആരോപിക്കുന്നത്.ഒരു എക്സിബിഷനില്‍ പങ്കെടുക്കാനായാണ് അഭിഷേക് സിങ് സുഹൃത്തുക്കളോടൊപ്പം മംഗളുരുവിലെത്തിയത്.
കാമുകിയായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. താനുമായി പ്രണയത്തിലായിരുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥ തന്നെ കബളിപ്പിച്ചെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്നും വീഡിയോയില്‍ പറയുന്നു. ഇതിന് പുറമെ തന്റെ സ്വർണാഭരണങ്ങള്‍ ഇവർ വാങ്ങിയെടുത്തുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. അഭിഷേകിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.
സിഐഎസ്‌എഫില്‍ അസിസ്റ്റന്റ് കമാണ്ടന്റയി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് യുവാവ് ആരോപണങ്ങള്‍ ഉയർത്തുന്നത്. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് താനുമായി യുവതി ബന്ധം സ്ഥാപിച്ചുവെന്നാണ് ഇയാളുടെ പ്രധാന ആരോപണം. യുവതി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മാനസിക പീഡനമേല്‍പ്പിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഇവർ വാങ്ങി. യുവതിക്ക് മറ്റ് പലരുമായും സമാന തരത്തില്‍ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ അഭിഷേക് തന്റെ സഹോദരനെ വിളിച്ച്, യുവതി വിവാഹത്തിന് വിസമ്മതിച്ചുവെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയെന്നും അറിയിക്കുകയായിരുന്നു. യുവതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മനസിലാക്കിയ ശേഷം മാനസികമായി തകർന്നുപോയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയില്‍ ആരോപിച്ചു