സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോ ക്ലിപ് പിന്തുടർന്ന ബൈന്തൂർ പൊലീസ്, മോട്ടോർ സൈക്കിളില്‍ ചങ്ങലയിട്ട് നായെ റോഡിലൂടെ സഞ്ചരിച്ചയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പങ്കിട്ട വിഡിയോ ക്ലിപ്പില്‍, യാദ്താരെ ഗ്രാമത്തില്‍ ദേശീയപാത 66 ലെ ബൈന്തൂർ-കുന്താപുരം സ്ട്രെച്ചിലെ സർവിസ് റോഡില്‍ വളർത്തുനായെ ചങ്ങലയിട്ട് ബൈക്കില്‍ വലിച്ചിഴക്കുന്നത് കാണാം.
വൈറലായ വിഡിയോ ക്ലിപ് ശ്രദ്ധയില്‍പ്പെട്ട ബൈന്തൂർ പൊലീസ് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആ വ്യക്തി ബൈന്തൂർ താലൂക്കിലെ പാദുവരി ഗ്രാമത്തില്‍ താമസിക്കുന്ന സുബ്രഹ്മണ്യയാണെന്ന് കണ്ടെത്തി. നായ്ക്ക് പരിക്കേറ്റതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇത് മൃഗത്തോടുള്ള മോശം പെരുമാറ്റമാണെന്ന് കണ്ടെത്തി സുബ്രഹ്മണ്യക്കെതിരെ സ്വമേധയാ കേസെടുത്തു.
പാര്‍ട്ടി ഓഫീസില്‍ യുവതിക്ക് ആലിംഗനം, ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്; പിന്നാലെ വിവാദം, കാണം കാണിക്കല്‍ നോട്ടീസ്
പാര്‍ട്ടി ഓഫീസില്‍ യുവതിയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്.ബിജെപി ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കശ്യപ് ഒരു യുവതിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ പരാതി നല്‍കി. ഈ പരാതിയില്‍ പാര്‍ട്ടി അമറിന് നോട്ടീസ് അയച്ചു.
വീഡിയോ പാര്‍ട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പാര്‍ട്ടിയുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ ശുക്ല നല്‍കിയ നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ബിജെപി സംസ്ഥാന ഓഫീസില്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് അമര്‍ കിഷോര്‍ കശ്യപിനോട് ആവശ്യപ്പെട്ടത്.
നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രില്‍ 12നാണ് വീഡിയോ റെക്കാര്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് സുഖമില്ലെന്നും വിശ്രമിക്കാന്‍ ഒരു സ്ഥലം വേണമെന്നും പറഞ്ഞാണ് യുവതി തന്നെ വിളിച്ചതെന്നാണ് അമര്‍ കിഷോര്‍ കശ്യപ് പറഞ്ഞത്.’ആ യുവതി നമ്മുടെ പാര്‍ട്ടിയിലെ സജീവ അംഗമാണ്. അവര്‍ എന്നെ വിളിച്ച് തനിക്ക് സുഖമില്ലെന്നും കുറച്ച് നേരം വിശ്രമിക്കാന്‍ സ്ഥലം വേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഓഫീസില്‍ കൂട്ടിക്കൊണ്ടുവന്നു.
പടികള്‍ കയറുമ്ബോള്‍ യുവതിക്ക് തലകറക്കം അനുഭവപ്പെടുകയും ഞാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്’,- എന്നാണ് കശ്യപ് പറഞ്ഞത്.പാര്‍ട്ടി ഓഫീസിലേക്ക് യുവതി കാറില്‍ വന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതി പാര്‍ട്ടി ഓഫീസിലെ പടികള്‍ കയറിവരുന്നതും കശ്യപ് പിറകെ വന്ന് അവരുടെ തോളില്‍ കൈ ഇടുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പാര്‍ട്ടി പ്രവര്‍ത്തകയെ സഹായിക്കുന്നില്ലെങ്കില്‍ പിന്നെ ആരെയാണ് സഹായിക്കേണ്ടതെന്നും അത് കുറ്റകൃത്യമാണെങ്കില്‍ ഒന്നും പറയാന്‍ ഇല്ലെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു.