ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാട്ടിൻപുറത്ത് നടത്തിയ ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിന്‍റെ തല വെട്ടിയെടുത്തു. 25 കിലോമീറ്ററോളം ദുരം റോഡിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിൽ അറുത്തെടുത്ത തല എത്തിച്ചു. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും പൊലീസുകാരും.
സംഭവം വടക്കൻ അസമിലെ സോനിത്പൂർ ജില്ലയിലായിരുന്നു. ഇവിടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ സുഹൃത്തുക്കളായ രണ്ടുപേർ 500 രൂപ വാതുവെക്കുകയായിരുന്നു. തോറ്റതിന് ശേഷം പണം നൽകാത്തതോടെയാണ് ക്രൂരത അരങ്ങേറിയത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നത്. ശേഷം അറുത്തുമാറ്റിയ തലയുമായി 25 കിലോമീറ്റർ നടന്ന് രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തുനിറാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്ത് ഹേം റാമാണ് കൊല്ലപ്പെട്ടത്. തുനിറാമും ഹേം റാമും ഓരോ ടീമുകളെ പിന്തുണച്ചിരുന്നു. തങ്ങളുടെ ടീം തോറ്റാൽ 500 രൂപ നല്‍കണമെന്നതായിരുന്നു ഇവർ തമ്മിൽ നടത്തിയ വാതുവെപ്പ്. മത്സരത്തിൽ തുനിറാം പിന്തുണച്ച ടീം പരാജയപ്പെട്ടു. ഇതോടെ ഹേം റാം പണം ആവശ്യപ്പെട്ടു. എന്നാൽ തുനിറാം പണം നൽകിയില്ല. ഇവർ തമ്മിൽ ഏറെ നേരം തർക്കമുണ്ടാകുകയും ഒടുവിൽ തുണിറാം മാഡ്രി ആയുധം കൊണ്ട് ഹേംറാമിന്‍റെ തലവെട്ടിയെടുക്കുകയായിരുന്നു.
ശേഷം അറ്റുപോയ തലയുമായി പൊലീസ് സ്‌റ്റേഷനിലെത്തി പ്രതി കീഴടങ്ങി. വെട്ടുകത്തിയും ഇയാൾ കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി തുനിറാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടന്നുവരികയാണ്.
അതേസമയം ചെന്നൈയിൽ നിന്നുതന്നെ പുറത്തുവരുന്ന മറ്റൊരു വാർത്ത അരുമ്പാക്കത്തെ ഫെഡ് ബാങ്കിൽ നിന്നും കൊള്ളയടിച്ച മുഴുവൻ സ്വർണവും പൊലീസ് കണ്ടെത്തിയെന്നതാണ്. 13 കിലോഗ്രാം സ്വർണം വിഴിപ്പുരത്തുനിന്നും 700 ഗ്രാം ഉരുക്കിയ നിലയിൽ ചെന്നൈയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ ബാങ്കിൽ നിന്നും കവർന്ന 31.7 കിലോഗ്രാം സ്വർണവും പൊലീസ് കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ സൂര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊള്ളമുതൽ വീണ്ടെടുത്തത്.
13 കിലോ സ്വർണം വിഴിപ്പുരത്തെ ഇയാളുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 700 ഗ്രാം സ്വർണം ഉരുക്കിയ നിലയിൽ ചെന്നൈ പല്ലാവരത്ത് നിന്നും കണ്ടെത്തി. സ്വർണം ഘട്ടം ഘട്ടമായി ഉരുക്കിവിൽക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം. മുഖ്യപ്രതി മുരുകൻ ഉൾപ്പെടെ അഞ്ചുപേരെയാണ് കേസിൽ ഇതുവരെ പൊലീസ് പിടികൂടിയത്.