ബംഗളുരു: ഒരു സ്ക്രൂഡ്രൈവർ ഉള്‍പ്പെടെ ഏതാനും സാധനങ്ങളും വെറും ഒരു മിനിറ്റില്‍ താഴെ സമയവും മതി പ്രസാദ് ബാബുവിന് ഒരു ഇരുചക്ര വാഹനം എടുത്തുകൊണ്ടുപോകാൻ.ഹാൻഡില്‍ ലോക്ക് ചെയ്ത് ഉടമകള്‍ സുരക്ഷിതമായി വെച്ചിട്ടു പോകുന്ന വാഹനങ്ങളാണ് ഇങ്ങനെ സെക്കന്റുകള്‍ക്കകം അപ്രത്യക്ഷമായിരുന്നത്. മോഷ്ടിച്ചെടുത്ത ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം സെഞ്ച്വറി അടിച്ചു കഴിഞ്ഞ ശേഷമാണ് പൊലീസുകാർക്ക് പോലെ ഇയാളെ കണ്ടെത്താനായത്.ബംഗളുരു പൊലീസാണ് കഴിഞ്ഞ ദിവസം പ്രസാദ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ പ്രസാദ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ബംഗളുരുവില്‍ നിന്ന് മാത്രം നൂറിലധികം ബൈക്കുകള്‍ മോഷ്ടിച്ചു. ഓട്ടോഡ്രൈവറായും മെക്കാനിക്കായും ജോലി ചെയ്യുന്ന ഇയാള്‍ ബംഗളുരുവിന് പുറമെ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയിട്ടുണ്ട്. തൊണ്ടി മുതലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ കൂട്ടത്തില്‍ റോയല്‍ എൻഫീല്‍ഡും മറ്റ് ബൈക്കുകളും സ്കൂട്ടറുകളുമൊക്കെ ഉണ്ടായിരുന്നു. ആകെ 112 ഇരുചക്ര വാഹനങ്ങള്‍ ഇങ്ങനെ പിടിച്ചെടുത്തതായി ബംഗളുരു പൊലീസ് പറഞ്ഞു.
കണ്ടെടുത്ത വാഹനങ്ങളില്‍ 12 എണ്ണം തമിഴ്നാട് പൊലീസിന് കൈമാറി. 100 എണ്ണം ബംഗളുരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ പറഞ്ഞു. മൂന്ന് വർഷത്തിലധികം നീണ്ട മോഷണങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ചിറ്റൂരില്‍ നിന്ന് രാത്രി ബസില്‍ കയറി ബംഗളുരുവില്‍ എത്തും. കെആർ പുരയ്ക്ക് സമീപം അവലഹള്ളിയിലാണ് ബസ് ഇറങ്ങിയിരുന്നത്. ശേഷം ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിഞ്ഞ് വാഹനങ്ങള്‍ നോക്കി വെയ്ക്കും.അധികം വെളിച്ചമില്ലാത്തതും വീതിയേറിയ റോഡുകളുള്ളതുമായ പ്രദേശങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. വൈകുന്നേരമാവുമ്ബോഴേക്ക് എടുക്കേണ്ട ബൈക്ക് ഏതെന്ന് ഉറപ്പുവരുത്തും.
മെക്കാനിക്ക് കൂടി ആയതിനാല്‍ ലോക്ക് പൊളിക്കാൻ അധികം സമയം അവശ്യമുണ്ടായിരുന്നില്ല. ഹാന്റില്‍ ലോക്ക് എളുപ്പത്തില്‍ തകർക്കാൻ നല്ല പ്രാവീണ്യമുണ്ടായിരുന്നു.ഹാന്റില്‍ ലോക്ക് ജോയിന്റിന് സമീപം സ്ക്രൂഡ്രൈവർ വെയ്ക്കുകയും ശേഷം കല്ലു കൊണ്ട് ഇടിച്ച് ലോക്ക് പൊട്ടിക്കുകയുമാണ് ചെയ്തിരുന്നത്. ശേഷം വയറുകള്‍ കൂട്ടിയോജിപ്പിച്ച് സ്റ്റാർട്ട് ചെയ്യും. അതേ വാഹനത്തില്‍ തന്നെ ചിറ്റൂരിലെത്തും. നിസാര വിലയ്ക്കാണ് ഈ വാഹനങ്ങള്‍ വിറ്റിരുന്നത്. സ്കൂട്ടറുകള്‍ക്ക് 10,000 മുതല്‍ 20,000 രൂപ മാത്രമാണ് വാങ്ങിയിരുന്നത്. ബൈക്കുകള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയും ബുള്ളറ്റുകള്‍ക്ക് 30,000 രൂപയില്‍ അധികവും വാങ്ങിയായിരുന്നു വില്‍പന. വാങ്ങുന്നവർക്കും ഇത് മോഷ്ടിച്ച് കൊണ്ടുവരുന്ന ബൈക്കുകളാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടു കന്നെ രേഖകളൊന്നും ഇല്ലാതെയായിരുന്നു കച്ചവടം