ബെംഗളൂരു : ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്.രാജീവ് (62) ആണ് അറസ്റ്റിലായത്. ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎല്‍) ഇമെയില്‍ വഴിയാണ് ഇയാള്‍ ഭീഷണി അയച്ചത്. ബിഎംആർസിഎല്ലിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നല്‍കിയ പരാതിയെത്തുടർന്ന് വില്‍സണ്‍ ഗാർഡൻ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കടുഗോഡിക്കടുത്തുള്ള ബെല്‍ത്തൂരില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന ആളാണ് ഇയാള്‍. അന്വേഷണത്തില്‍ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി നിംഹാൻസില്‍ ചികിത്സ തേടിയതായും വിവരമുണ്ട്. ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചുവെങ്കിലും ബിഎൻഎസ് സെക്ഷൻ 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.