ഇടുക്കി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. മൂങ്ങാപ്പാറ സ്വദേശി തടിയംപ്ലാക്കൽ ബാലമുരളിക്കാണ് (32) കുത്തേറ്റത്. ബാലമുരളിയെ കുത്തിയ പ്രതിയെ അഷറഫിനെ(54) പൊലീസ് അറസ്റ്റു ചെയ്തു.ഇടുക്കി മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.
ഹോട്ടലിന് സമീപത്ത് മാംസ കച്ചവടം നടത്തുന്ന പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫ് ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അഷറഫ് എത്തിയ സമയത്ത് ഫാമിലി റൂമിൽ വിദ്യാർത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും അഷറഫിനെ ഇത് ചോദ്യം ചെയ്തു.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ ഹോട്ടൽ ഉടമ ഇടപെട്ട് ഇരുകൂട്ടരെയും മാറ്റി പ്രശ്നം പരിഹരിച്ചു. എന്നാൽ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാലമുരളിയെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷംഅടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്തിന് സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. ടടവർ ലൊക്കേഷൻ നോക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. അഷറഫിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.