ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍.32 വയസ്സുകാരിയായ ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് പിടികൂടി. കാറില്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിനിടെ, പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ രവി വാഹനം തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാര്‍ വെള്ളത്തിലേക്ക് മുങ്ങിയെങ്കിലും രവി നീന്തി രക്ഷപ്പെട്ടു.
ശ്വേതയ്ക്ക് ജീവന്‍ രക്ഷിക്കാനായില്ല.വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജോലിസ്ഥലത്ത് പരിചയപ്പെട്ട രവി വിവാഹിതനാണ്. ഭാര്യയെ ഉപേക്ഷിച്ച് ശ്വേതയുമായി വിവാഹിതനാകാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ശ്വേത നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ രവി, യുവതിയെ വിളിച്ചുവരുത്തി ദുരന്തത്തിലേക്ക് നയിച്ചതായി പൊലീസ് പറയുന്നു. ശ്വേത ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് ശ്വേത താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രവി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഇതില്‍ പ്രകോപിതനായ രവി ശ്വേതയെ സംസാരിക്കാനായി വിളിച്ച് വരുത്തുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ടാണ് തടാകത്തിലേക്ക് പോയതെന്നായിരുന്നു രവിയുടെ വാദം. താന്‍ നീന്തി കയറിയെന്നും ശ്വേതയ്ക്ക് അത് സാധിച്ചില്ല എന്നുമാണ് രവി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.