കർണാടകയില്‍ മറാത്തി സംസാരിക്കാത്തതിനും ആ ഭാഷയില്‍ രേഖ നല്‍കാത്തതിനും പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസറെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍.ബെലഗാവിയിലെ കിനായെ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച ടിപ്പണ്ണ സുഭാഷ് ദോക്രെ എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.തന്റെ വസ്തുവുമായി ബന്ധപ്പെട്ട രേഖ കന്നഡയ്ക്ക് പകരം മറാത്തിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പഞ്ചായത്ത് വികസന ഓഫീസർ നാഗേന്ദ്ര പട്ടാറുമായി തർക്കിക്കാൻ തുടങ്ങി.
മറാത്തിയില്‍ സംസാരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. അധിക്ഷേപത്തിന്റെ വീഡിയോ വൈറലായതോടെ, ബെലഗാവി റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അന്വേഷണം നടന്നുവരികയാണ്. ഉദ്യോഗസ്ഥർക്കെതിരായ മോശം പെരുമാറ്റം ഉള്‍പ്പെടുന്ന ഇത്തരം സംഭവങ്ങളെ നിസാരമായി കാണില്ല, കർശന നടപടി സ്വീകരിക്കും- ബെലഗാവി ഡിസിപി രോഹൻ ജഗദീഷ് പറഞ്ഞു. പൊതുപ്രവർത്തകന്റെ ഡ്യൂട്ടി നിർവഹിക്കുന്നത് തടസപ്പെടുത്തിയതിന് ദോക്രേയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ മാസം ബെലഗാവിയില്‍ യാത്രക്കാരനോട് മറാത്തിയില്‍ മറുപടി പറയാത്തതിന് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെ കണ്ടക്ടറെ ആക്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതല്‍ പതിച്ചത് തൃത്താലയിലും പൊന്നാനിയിലും; ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പാലക്കാട് ജില്ലയിലെ തൃത്താലയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലുമാണ്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് 10 ആണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതല്‍ ഏഴുവരെയെങ്കില്‍ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കില്‍ റെഡ് അലർട്ടുമാണ് നല്‍കുക.പകല്‍ 10 മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറംജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക.മലമ്ബ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.