ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കര്‍ണാടക കോണ്‍ഗ്രസിന്റെ ആവശ്യം ഖാര്‍ഗെ നിരസിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർഥി ചർച്ചയില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖാര്‍ഗെയുടെ പേര് മാത്രമാണ് ഉയർന്നുവന്നത്. പകരം മരുമകനായ രാധാകൃഷ്ണന് ദൊഡ്ഡമണിയെ മണ്ഡലത്തില്‍ ഖര്‍ഗെ നിര്‍ദേശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖാര്‍ഗെയുടെ വാദം.
ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖാര്‍ഗെ, 2019ല്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ രാജ്യസഭാംഗമായ അദ്ദേഹത്തിന് നാല് വര്‍ഷത്തെ കാലാവധിയുണ്ട്. ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ കർണാടകയിലെ സിദ്ധരാമയ്യ സർക്കാറില്‍ മന്ത്രിയാണ്.
അദ്ദേഹത്തിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താല്പര്യമില്ല. കോണ്‍ഗ്രസില്‍ പാര്‍ട്ടി അധ്യക്ഷന്മാര് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്ന പതിവില്ല. കഴിഞ്ഞതവണ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്‍സരിച്ചിരുന്നു.
അതേസമയം, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.