ബെംഗളൂരു: ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…, പ്രിയനേതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിനുവെച്ച കർണാടക മുൻമന്ത്രി ടി. ജോണിന്റെ വസതിക്കുപുറത്ത് തടിച്ചുകൂടിയ മലയാളികൾ സ്നേഹത്തോടെ വിളിച്ചു. എല്ലാവരുടെയും മുഖത്ത് ദുഃഖം പ്രകടമായിരുന്നു. ചിന്മയ മിഷൻ ആശുപത്രിയിൽനിന്ന് മൃതദേഹം ഇന്ദിരാ നഗർ 80 ഫീറ്റ് റോഡിലെ ടി. ജോണിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് മലയാളികളാണ് പ്രിയനേതാവിനെ അവസാനമായി കാണാനെത്തിയത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളും കന്നഡികരും ഉമ്മൻചാണ്ടിയെ കാണാനെത്തി.
ചൊവ്വാഴ്ച രാവിലെ പ്രിയനേതാവിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ അദ്ദേഹത്തെ ഒരുനോക്ക് കാണാൻ എവിടെ വരണമെന്നായിരുന്നു പലരും അന്വേഷിച്ചത്. ടി. ജോണിന്റെ വസതിയിൽ പൊതു ദർശനത്തിന് വെക്കുമെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ വീട് കണ്ടുപിടിച്ച് ആളുകൾ എത്തിക്കൊണ്ടിരുന്നു. രാവിലെ 10.30 വരെ പൊതുദർശനം എന്നാണ് ആദ്യമറിഞ്ഞത്. അതിനാൽ എത്രയുംവേഗം എത്താൻ ആളുകൾ ശ്രമിച്ചു. പൊതുദർശന സമയം നീട്ടിയതോടെ കൂടുതൽ പേർക്ക് ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ സാധിച്ചു.
ഇന്ദിരാകാന്റീനിലെ രുചിയറിഞ്ഞ പ്രിയ നേതാവ്
ബെംഗളൂരു: അഞ്ചുവർഷം മുമ്പ് ഒരു മേയ് മാസത്തിൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് ഉമ്മൻ ചാണ്ടി. പ്രചാരണത്തിരക്കിനിടെ അദ്ദേഹത്തിന് ഒരാഗ്രഹം, ഇന്ദിരാ കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കണം. ഈ ആഗ്രഹം കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സത്യൻ പുത്തൂരിനെ വിളിച്ചുപറഞ്ഞു.
തുടർന്ന് അന്നുരാവിലെതന്നെ ഉമ്മൻ ചാണ്ടിയെ പീനിയയിലെ ഇന്ദിരാ കാന്റീനിൽ കൊണ്ടുപോയി. പ്രഭാതഭക്ഷണം കഴിച്ചശേഷം ഇന്ദിരാകാന്റീനിലെ ഭക്ഷണത്തെ പ്രശംസിച്ച് ഉമ്മൻ ചാണ്ടി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. മകൻ ചാണ്ടി ഉമ്മനും കൂടെയുണ്ടായിരുന്നു. അക്കാലത്ത് സിദ്ധരാമയ്യ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായി പേരെടുത്തിരിക്കുകയായിരുന്നു ഇന്ദിരാകാന്റീൻ.
ഇങ്ങനെ ഒട്ടേറെ ഓർമകളാണ് ഉമ്മൻ ചാണ്ടി ബെംഗളൂരുവിന് സമ്മാനിച്ചിട്ടുള്ളത്. ബെംഗളൂരുവുമായും ഇവിടത്തെ മലയാളികളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അതിന്റെ തെളിവാണ് ചൊവ്വാഴ്ചരാവിലെ ബെംഗളൂരുവിൽ അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടം. തിരഞ്ഞെടുപ്പ് സമയങ്ങളിലൊക്കെ പ്രചാരണത്തിനെത്തുന്നത് പതിവായിരുന്നു. ഉമ്മൻ ചാണ്ടി വന്നാൽ ആളുകൾ കൂടും.
അതിനാൽ പ്രചാരണത്തിന് അദ്ദേഹത്തെ തന്നെ കിട്ടാൻ ബെംഗളൂരുവിലെ മലയാളിസംഘടനകൾ ശ്രദ്ധിച്ചുപോന്നു. മലയാളികളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയുംചെയ്തു. ആരെങ്കിലും പരിഭവവുമായി അദ്ദേഹത്തിനടുത്തെത്തിയാൽ എന്തു ചെറിയ പ്രശ്നം ആണെങ്കിൽപോലും വളരെ ഗൗരവമായിട്ടാകും അതിനെ എടുക്കുക.
2004-ലെ തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടി പ്രചാരണത്തിനെത്തിയപ്പോൾ ബെംഗളൂരുവിൽ പതിനായിരത്തോളം പേരുടെ പരിപാടി സംഘടിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ വരുന്ന സമയത്തൊക്കെ സ്ഥിരമായി താമസിച്ചിരുന്നത് പീനിയയിൽ ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞ വർഷം അസുഖമായി വന്നശേഷം ഉമ്മൻചാണ്ടി താമസിച്ചിരുന്നത് നെലമംഗലയിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് അന്തരിച്ച മുൻ മന്ത്രി ടി. ജോണിന്റെ ഭവനത്തിൽ താമസം തുടങ്ങിയത്.